ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാംഗങ്ങൾക്കായി വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. സംസ്ഥാനത്തെ ആകെയുള്ള 234 എം.എൽ.എമാർക്കും നിയോജകമണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കായി സർക്കാർ വാഹനവും, ഇന്ധനം, ഡ്രൈവർ, വാഹന അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ അലവൻസും അനുവദിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ഇതിനുപുറമെ, ഔദ്യോഗിക കാര്യങ്ങൾക്കായി സെക്രട്ടറിയെ നിയമിക്കുന്നതിന് പ്രതിമാസം 25,000 രൂപയുടെ പ്രത്യേക ഗ്രാന്റും എം.എൽ.എമാർക്ക് ലഭിക്കും.
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് എം.എൽ.എമാർക്ക് നിരന്തരം മണ്ഡലങ്ങളിൽ സന്ദർശനം നടത്തേണ്ടതുണ്ടെന്നും, സുതാര്യവും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കാൻ ഔദ്യോഗിക വാഹനം സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ നിയമസഭയിൽ സാധാരണ പശ്ചാത്തലത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട നിരവധി അംഗങ്ങളുണ്ടെന്നും, ജനപ്രതിനിധികളെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കാൻ അവർക്ക് വാഹനം അനിവാര്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനപ്രതിനിധികൾക്ക് കൃത്യമായി പ്രവർത്തിക്കാനാകില്ലെന്ന് വ്യക്തമാക്കി വി.സി.കെ (VCK) എം.എൽ.എ ജോതിമണി വാഹനം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ ഈ നിർണായക തീരുമാനമെടുത്തത്.
ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും വികസന പദ്ധതികൾ വിലയിരുത്തുന്നതിനും സാമ്പത്തിക ബാധ്യതകളില്ലാതെ ജനപ്രതിനിധികൾക്ക് പ്രവർത്തിക്കാൻ ഈ സഹായം വഴിയൊരുക്കുമെന്ന് വിജയ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.





