ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ഹിന്ദു പെൺകുട്ടികൾ ബുർഖ ധരിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ സ്വകാര്യ സ്കൂൾ അധികൃതർ പൂട്ടി സീൽ വെച്ചു. അന്വേഷണത്തിൽ ഈ സ്കൂൾ സർക്കാർ അംഗീകാരമില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതായി ബേസിക് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ബുധനാഴ്ച വ്യക്തമാക്കി.
ബഭൻജോത് മേഖലയിലെ ഔസാനി ബുസുർഗിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂളിന് ആവശ്യമായ അംഗീകാരമില്ലെന്ന് വ്യക്തമായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ സ്കൂളിൽ നേരിട്ടെത്തി പരിശോധന നടത്താൻ ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ (ബി.ഇ.ഒ) റിയാസ് അഹമ്മദിന് നിർദ്ദേശം നൽകിയിരുന്നതായി ജില്ലാ ബേസിക് എജ്യുക്കേഷൻ ഓഫീസർ അമിത് കുമാർ സിംഗ് പറഞ്ഞു.
സ്കൂളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഒരാഴ്ച മുൻപ് തന്നെ മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഉത്തരവ് ലംഘിച്ച് സ്കൂൾ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നുവെന്ന് റിയാസ് അഹമ്മദ് വ്യക്തമാക്കി. അംഗീകാരമില്ലാതെയാണ് പ്രവർത്തനം എന്ന് സ്ഥിരീകരിച്ചതോടെ പ്രിൻസിപ്പലിന്റെയും മാനേജരുടെയും ഓഫീസുകളും പ്രധാന ഗേറ്റും പൂട്ടി സ്കൂൾ പരിസരം ഉദ്യോഗസ്ഥർ സീൽ ചെയ്തു. പരിശോധനയും സീലിംഗ് നടപടികളും സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ ബേസിക് എജ്യുക്കേഷൻ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അംഗീകാരമില്ലാത്ത ഈ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളെ സമീപത്തെ സർക്കാർ വിദ്യാലയങ്ങളിലോ മറ്റ് അംഗീകൃത സ്കൂളുകളിലോ പ്രവേശിപ്പിക്കാൻ നിർദ്ദേശം നൽകിയതായി അമിത് കുമാർ സിംഗ് അറിയിച്ചു.





