ഡൽഹി: മലിനജല സംസ്കരണ പ്ലാന്റ് നവീകരണ ടെൻഡറുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിൻ ഉൾപ്പെടെ ആറ് പേരെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അറസ്റ്റ് ചെയ്തു. ഒരു പ്രത്യേക സ്വകാര്യ കമ്പനിക്ക് അനധികൃതമായി കരാർ ഉറപ്പാക്കുന്നതിനായി ടെൻഡർ നിബന്ധനകളിൽ കൃത്രിമം കാണിച്ചുവെന്നാണ് എ.സി.ബിയുടെ കണ്ടെത്തൽ.
ഇടപാടുകളിലൂടെ ബാങ്ക് അക്കൗണ്ടുകൾ വഴി 1.52 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഡൽഹി ജൽ ബോർഡിന്റെ (ഡി.ജെ.ബി) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നവീകരണത്തിനായുള്ള ടെൻഡർ പ്രക്രിയയിൽ വലിയ തോതിലുള്ള തിരിമറികളും വ്യവസ്ഥകളിലെ കൃത്രിമത്വവും ക്രിമിനൽ ഗൂഢാലോചനയും നടന്നതായി വിജിലൻസ് ഡയറക്ടറേറ്റ് പരാതി നൽകിയിരുന്നുവെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആന്റി കറപ്ഷൻ ബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം, അറസ്റ്റ് വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ശക്തമായ പ്രതികരണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കിയ എ.എ.പി, ആരോപണവിധേയമായ ക്രമക്കേടുകൾ നടക്കുന്ന സമയത്ത് സത്യേന്ദർ ജെയിൻ ജയിലിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.





