ഡൽഹി: ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭം സർക്കാർ തലത്തിലുള്ള ചർച്ചകളിലൂടെ ഒത്തുതീർപ്പാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തികഞ്ഞ സംയമനം പാലിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ചത്. രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കൊപ്പവും താൻ ഉറച്ചുനിൽക്കുന്നുവെന്നും ചൂഷണ വ്യവസ്ഥിതികളെ പൂർണ്ണമായി പിഴുതെറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളെ തളർത്താതെ മുന്നോട്ട് നയിക്കുന്ന ഒരു സാഹചര്യം രാജ്യത്ത് നിലവിൽ വരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഡൽഹി ജന്തർമന്ദിറിൽ അരങ്ങേറിയ സി.ജെ.പി പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ചാണ് ജാർഖണ്ഡിലും വിദ്യാർത്ഥി സമരം രൂപപ്പെട്ടത്. സർക്കാർ ജോലി പരീക്ഷകളിൽ നീതിയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ചയിലേറെയായി തുടർന്നുപോന്ന സമരത്തിനാണ് ഇതോടെ വിരാമമായത്. കഴിഞ്ഞ മാസം 25-ന് റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ ആരംഭിച്ച ഈ പ്രതിഷേധത്തിൽ, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നും മുൻപ് നടത്തിയ പരീക്ഷകൾ റദ്ദാക്കണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ.





