ന്യൂഡൽഹി: ജന്തർമന്ദിറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രക്ഷോഭത്തിന് നേരെ പോലീസ് അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. സി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് പൂർണ്ണമായും നിയമവിരുദ്ധമായിരുന്നുവെന്നും ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായെന്നും എ.എ. റഹീം എം.പിയുടെ ഹർജിക്ക് നൽകിയ മറുപടിയിൽ പോലീസ് വ്യക്തമാക്കി.
സമരക്കാർ ഒന്നിലധികം നിരകളിലായുള്ള സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സമാധാനപരമല്ലാതായി മാറിയത്. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഘട്ടംഘട്ടമായുള്ള പ്രതിരോധ നടപടികളും ബലപ്രയോഗവുമാണ് പോലീസ് സ്വീകരിച്ചത്. മൂന്ന് കിലോമീറ്ററിലധികം വരുന്ന പ്രദേശത്ത് മുപ്പതിനായിരത്തിലേറെ ആളുകളാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ 5,000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ വലിയ സംഘർഷത്തിലേക്ക് നീങ്ങുകയും 240 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ആണി തറച്ച ലാത്തി ഉപയോഗിച്ച ഒരൊറ്റ സംഭവം മാത്രമാണ് ഉണ്ടായതെന്നും, അത് ഉപയോഗിച്ചത് പ്രതിഷേധക്കാരനാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു.
ദേശീയപതാക ഘടിപ്പിച്ച വടികളാണ് സമരക്കാർ ഉപയോഗിച്ചത്. അക്രമസംഭവങ്ങൾ തടയാൻ നിയമപരമായി അനുവദിക്കപ്പെട്ട മാർഗ്ഗങ്ങൾ മാത്രമാണ് പോലീസ് സ്വീകരിച്ചത്. പോലീസ് ഉദ്യോഗസ്ഥരായ സ്പോട്ടർമാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും, സാഹചര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്പോട്ടർമാർ ആൾക്കൂട്ടത്തിൽ ലയിച്ചുചേരാറുണ്ടെന്നും പോലീസ് വിശദീകരിച്ചു. സമരക്കാർ പോലീസുകാരെ ആൾക്കൂട്ട കൊലപാതകത്തിന് വരെ ഇരയാക്കാൻ ശ്രമിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 2,873 പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തതായും ഇവരെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വിശദമായി അന്വേഷിക്കുമെന്നും ഡൽഹി പോലീസ് സുപ്രീം കോടതിയിൽ വ്യക്തമാക്കി.





