ന്യൂഡൽഹി: ബിസ്‌ലേറി ഇന്റർനാഷണലിന്റെ പാക്കേജ്ഡ് കുടിവെള്ളം (മിനറൽ വാട്ടർ ഒഴികെയുള്ളത്) സുരക്ഷിതമല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയതോടെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) തീരുമാനിച്ചു. വെള്ളത്തിൽ കാൻസറിന് കാരണമാകുന്ന ബ്രോമേറ്റിന്റെയും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെയും (PAHs) അമിത സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉൽപ്പന്നം വിപണിയിൽ നിന്ന് തിരികെ വിളിക്കാനും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും എഫ്.എസ്.എസ്.എ.ഐ നിർദ്ദേശിച്ചിട്ടുണ്ട്.
അളവിൽ കവിഞ്ഞ ബ്രോമേറ്റ് സാന്നിധ്യം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ പ്രഖ്യാപിച്ചിരുന്നു; തുടർന്ന് കമ്പനി അപ്പീൽ നൽകുകയും സാമ്പിൾ റഫറൽ ഫുഡ് ലാബോറട്ടറിയിൽ പരിശോധനയ്ക്ക് അയക്കുകയും ചെയ്തതോടെയാണ് പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചത്.
ബിസ്‌ലേറിക്ക് പുറമേ ചോക്ലേറ്റ് കുക്കികൾ വിൽക്കുന്ന ആശ കോൺഫെക്ഷണറിക്കെതിരെയും എഫ്.എസ്.എസ്.എ.ഐ നടപടി സ്വീകരിച്ചിട്ടുണ്ട്; ലാബ് പരിശോധനയ്ക്ക് പിന്നാലെ കുക്കികളുടെ ലേബലിങ്, സുരക്ഷ, ചേരുവകൾ എന്നിവയിൽ ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ഈ നടപടി.





