പ്രേക്ഷകർ കാത്തിരിക്കുന്ന 'ജയിലർ 2' സിനിമയുടെ ചിത്രീകരണവേളയിൽ സൂപ്പർ താരം രജനികാന്തിനെ നേരിൽ കണ്ടതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ കോട്ടയം നസീർ. രജനികാന്തിനെ കാണാനും പരിചയപ്പെടാനും സാധിച്ചതിനൊപ്പം തന്റെ പെയിന്റിങ്ങുകളുടെ പുസ്തകം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞതായും താരം വ്യക്തമാക്കി.
പെയിന്റിങ് പുസ്തകം കണ്ട രജനികാന്ത് ഏറെ താല്പര്യത്തോടെ അതിനെക്കുറിച്ച് സംസാരിച്ചെന്നും ചേർത്തുനിർത്തി ഒപ്പം ഫോട്ടോ എടുത്തെന്നും കോട്ടയം നസീർ പറഞ്ഞു. ഒരു സ്വപ്നം പോലെയാണ് ഈ അനുഭവങ്ങൾ തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ പൂർണ്ണമായി കണ്ടിട്ടില്ലെന്നും ഡബ്ബിങ് സമയത്ത് മാത്രമാണ് ഭാഗങ്ങൾ കണ്ടതെന്നും പറഞ്ഞ താരം, പ്രേക്ഷകരെപ്പോലെ തന്നെ ചിത്രത്തെക്കുറിച്ച് വലിയ ആവേശത്തിലാണ് താനെന്നും അറിയിച്ചു.





