ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ജയിലർ 2' ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസാണ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കി ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, ആദ്യ ഭാഗത്തിലെ വിസ്മയ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യനായിത്തന്നെയാണ് രജനികാന്ത് വീണ്ടും അരങ്ങുവാഴുന്നത്. ആദ്യ ഭാഗം തിയേറ്ററുകളിൽ സൃഷ്ടിച്ച വൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ തിളങ്ങിയ മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവർക്കൊപ്പം മറ്റ് ചില പ്രമുഖ താരങ്ങളും രണ്ടാം ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് സൂചനകൾ. ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരുടെ ക്യാരക്ടർ വീഡിയോകൾ നേരത്തെ പുറത്തുവന്ന് വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പഴയതും പുതിയതുമായ വൻ താരനിരയെ സമന്വയിപ്പിച്ചാണ് 'ജയിലർ 2' പ്രേക്ഷകരിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം അധ്യായത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രത്തിലെ 'അല്ല ബോലലോ' എന്ന ഗാനം മുൻപ് തന്നെ റിലീസ് ചെയ്യപ്പെടുകയും ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു; മലയാളി താരം ഷംന കാസിമിന്റെ ആകർഷകമായ നൃത്തച്ചുവടുകളായിരുന്നു ഈ ഗാനത്തിന്റെ മുഖ്യ സവിശേഷത.
രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിങ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.





