2027-ലെ ഓസ്‌കർ പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഏത് സിനിമ തെരഞ്ഞെടുക്കപ്പെടുമെന്ന കാത്തിരിപ്പിലായിരുന്നു രാജ്യത്തെ സിനിമാപ്രേമികൾ. വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ സിനിമകളാണ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിരുന്നത്. മലയാളത്തിൽ നിന്ന് ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ 'ബാലൻ', കന്നഡയിൽ നിന്ന് 'കാന്താര', ബോളിവുഡിൽ നിന്ന് 'ധുരന്ദർ' എന്നിവയെല്ലാം അവസാനഘട്ട പരിഗണനയിലുണ്ടായിരുന്നു.
എന്നാൽ, ഈ വമ്പൻ ചിത്രങ്ങളെയെല്ലാം മറികടന്ന് സന്തോഷ് ദവഖാർ രചനയും സംവിധാനവും നിർവ്വഹിച്ച മറാത്തി ചിത്രം 'ഗൊന്ധൽ' ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ സിനിമയിൽ നവദമ്പതികൾക്കായി നടത്തുന്ന പരമ്പരാഗത അനുഷ്ഠാനമാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. 33 ചിത്രങ്ങൾ ഉൾപ്പെട്ട പ്രാഥമിക പട്ടികയിൽ നിന്നാണ് 'ഗൊന്ധൽ' ഈ നേട്ടം സ്വന്തമാക്കിയത്.
'ധുരന്ധർ' പോലെയുള്ള വൻ സാമ്പത്തിക വിജയം സ്വന്തമാക്കിയ സിനിമകളെയും മലയാള ചിത്രം 'ബാല'നെയും പിന്തള്ളിയാണ് ഈ മറാത്തി ചിത്രത്തിന്റെ ചരിത്രനേട്ടം. 'അംഗ്', 'ഇക്കീസ്' എന്നീ സിനിമകൾക്കൊപ്പം അവസാന മൂന്ന് ചിത്രങ്ങളിൽ ഇടംനേടിയ ശേഷമാണ് 'ഗൊന്ധൽ' ഓസ്കർ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ നാല് മറാത്തി സിനിമകളാണ് സാധ്യതാ പട്ടികയിലുണ്ടായിരുന്നത്.
പരിഗണനയിലുണ്ടായിരുന്ന 33 ചിത്രങ്ങളിൽ 14 എണ്ണവും ബോളിവുഡിൽ നിന്നുള്ളവയായിരുന്നു; 'ബോർഡർ 2', 'മേം വാപ്സ് ആവുംഗ', 'ധുരന്ധർ' എന്നിവ ഇതിൽ ഉൾപ്പെടുന്നു. 99-ാമത് അക്കാദമി അവാർഡ്‌സിലെ മികച്ച അന്താരാഷ്ട്ര ചിത്രം വിഭാഗത്തിലാണ് 'ഗൊന്ധൽ' രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുക. മുൻവർഷത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രജതമയൂരം സ്വന്തമാക്കിയ സംവിധായകനാണ് ഈ സിനിമ ഒരുക്കിയ സന്തോഷ് ദവഖാർ.





