മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും ഒരിക്കൽ നേരിൽ കണ്ടപ്പോൾ സിനിമയിൽ അവസരം ചോദിച്ചിരുന്നതായും നടി അനന്യ. ഒരു സിനിമയിൽ ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ "ആ, നമുക്ക് നോക്കാം" എന്നാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും താരം വ്യക്തമാക്കി.
മമ്മൂട്ടി മാത്രമല്ല, ടൊവിനോ തോമസ്, നിവിൻ പോളി തുടങ്ങി നിലവിലുള്ള നിരവധി അഭിനേതാക്കൾക്കൊപ്പവും ഇതുവരെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ അനന്യ പറഞ്ഞു.
'ദി തേർഡ് മർഡർ' എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.





