കൊച്ചി: കഴിഞ്ഞ രണ്ടു വർഷമായി വ്യക്തിജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും താൻ 'നാർസിസ്റ്റിക് അബ്യൂസിന്' ഇരയാവുകയായിരുന്നുവെന്നും നടി അനുപമ പരമേശ്വരൻ. അവതാരക ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയബന്ധത്തെക്കുറിച്ചും അതിൽ നിന്നുള്ള വേർപിരിയലിനെക്കുറിച്ചും മനസ്സ് തുറന്നത്.
ആദ്യത്തെ ഏതാനും കൂടിക്കാഴ്ചകൾക്ക് ശേഷം ആ വ്യക്തിയുടെ കുടുംബത്തെ കണ്ടുമുട്ടിയെന്നും ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചതായും അനുപമ പറഞ്ഞു. എന്നാൽ ബന്ധം തുടങ്ങി വെറും മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു. ചടങ്ങ് എവിടെ നടത്തണം, ആരെയൊക്കെ ക്ഷണിക്കണം എന്നൊക്കെ അവരുടെ കുടുംബം ചോദിക്കാൻ തുടങ്ങി. സാധാരണയായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ വിവാഹത്തിലേക്ക് എത്താറില്ല. തന്നെ ഗോൾഡ് ഡിഗർ മുദ്രകുത്തുന്നവർ ഒരു കാര്യം മനസ്സിലാക്കണം; അന്ന് ആ വിവാഹനിശ്ചയം തടഞ്ഞില്ലായിരുന്നുവെങ്കിൽ വിവാഹത്തിലേക്കും ഒടുവിൽ അത് വിവാഹമോചനത്തിലേക്കും എത്തുമായിരുന്നുവെന്ന് താരം വ്യക്തമാക്കി.
വിവാഹനിശ്ചയത്തിൽ നിന്ന് നിരന്തരം പിന്മാറിയത് താനായിരുന്നുവെന്നും, അത് പ്രണയമല്ലെന്നും മറിച്ച് തന്നെ അഭിനയരംഗത്തുനിന്ന് മാറ്റിനിർത്താനുള്ള തിടുക്കമാണെന്നും തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്ന് അനുപമ കൂട്ടിച്ചേർത്തു. ഈ വ്യക്തി ചെറുപ്പമായതിനാൽ ഇപ്പോൾ വിവാഹനിശ്ചയം വേണ്ടെന്നും, ഭാവിയിൽ കുട്ടികളുടെ കാര്യമാണ് ആശങ്കയെങ്കിൽ 'എഗ്ഗ് ഫ്രീസിങ്' ചെയ്യാമെന്നും താൻ നിർദ്ദേശിച്ചിരുന്നു. ഇത് യഥാർത്ഥ സ്നേഹമല്ലെന്നും ഒരാളെ സ്വന്തം നിയന്ത്രണത്തിൽ നിർത്താനുള്ള വെമ്പലാണെന്നും തനിക്ക് തിരിച്ചറിയാൻ സാധിച്ചതായും താരം പറഞ്ഞു.
ഈ ബന്ധം അവസാനിച്ചിട്ട് ഇപ്പോൾ ഒരു മാസമായി. തെറ്റായ സാഹചര്യങ്ങളിൽ യൂണിവേഴ്സ് പലതരത്തിലുള്ള റെഡ് ഫ്ലാഗ് നമുക്ക് കാണിച്ചുതരുമെന്നും, ചുറ്റുമുള്ളവർ മുന്നറിയിപ്പ് തന്നാലും പലപ്പോഴും നമ്മളത് കാണാതെ പോകുമെന്നും അനുപമ ഓർമ്മിപ്പിച്ചു. ഒടുവിൽ നേരിടേണ്ടി വരുന്ന അതീവ സങ്കീർണ്ണമായ ഒരു ഘട്ടത്തിലാണ് നമുക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾ സ്വയം ബോധ്യപ്പെടുന്നത്. അത്തരമൊരു തിരിച്ചറിവ് പെട്ടെന്ന് തന്നെ തനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്. ആ മാനസികാവസ്ഥയുടെ ഭാഗമായാണ് താൻ ആ ചിത്രം പോസ്റ്റ് ചെയ്തതെന്നും, എന്നാൽ അത് വെറും ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നാണ് പലരും വ്യാഖ്യാനിച്ചതെന്നും അനുപമ വ്യക്തമാക്കി.





