ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുതിയ പാസ്‌പോർട്ടിനായി സമർപ്പിച്ച അപേക്ഷ ബംഗ്ലാദേശ് സർക്കാർ നിരസിച്ചു. ലണ്ടൻ ആസ്ഥാനമായുള്ള നിയമസ്ഥാപനം വഴി ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലാണ് പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി ഹസീന അപേക്ഷ നൽകിയത്; എന്നാൽ ഈ നീക്കം വെറും നാടകമാണെന്നും കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഇന്ത്യ ഹസീനയെ വിട്ടുനൽകണമെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി.
അന്താരാഷ്ട്ര മനുഷ്യാവകാശ തത്വങ്ങളും പൗരത്വ അവകാശങ്ങളും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ ഹൈക്കമ്മീഷനെ സമീപിച്ചതും അപേക്ഷ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതും. എന്നാൽ നിയമസ്ഥാപനം അയച്ച ഇമെയിലിൽ ഹസീനയുടെ ഔദ്യോഗിക രേഖകളോ അനുമതിപത്രമോ ഇല്ലാതിരുന്നതിനാൽ അപേക്ഷയുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഹസീനയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച വിദേശകാര്യ സഹമന്ത്രി, രാജ്യത്ത് നിന്ന് ഒളിച്ചോടിയ വ്യക്തിക്ക് ഇനി പാസ്‌പോർട്ടിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിലവിലുള്ള കുറ്റവാളി കൈമാറ്റ കരാറിലൂടെ ഇന്ത്യ തങ്ങൾക്ക് കൈമാറുകയാണ് വേണ്ടതെന്നും, ഇവിടെയെത്തി കോടതിയിൽ കീഴടങ്ങി ശിക്ഷ അനുഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





