ടെൽ അവീവ്: കഴിഞ്ഞ ആഴ്ച പൂർത്തിയായ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെ പിന്തുണച്ച് വ്യാജ ഇറാനിയൻ എക്സ് (ട്വിറ്റർ) പ്രൊഫൈലുകൾ വ്യാപകമായി പ്രവർത്തിച്ചതായി റിപ്പോർട്ട്. പ്രവാസികളായ ഇറാനികളെന്ന വ്യാജേന 1,653 അക്കൗണ്ടുകൾ ഉപയോഗിച്ച് ഹീബ്രു ഭാഷയിലാണ് ഈ ശൃംഖല പ്രചാരണം സംഘടിപ്പിച്ചത്. വ്യാജപ്രചാരണങ്ങൾ നിരീക്ഷിക്കുന്ന 'എക്‌സ്‌പോസ്' (Expose) എന്ന ഏജൻസിയുടെ പഠനത്തെ ഉദ്ധരിച്ച് ഇസ്രയേലി ദിനപത്രമായ 'ഹാറെറ്റ്സ്' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, ഈ അക്കൗണ്ടുകളുമായി ബന്ധമില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസും ലിക്കുഡ് പാർട്ടിയും പ്രതികരിച്ചു.
വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നുമാണ് പ്രചാരണം ഏറ്റവും ശക്തമായത്. തെരഞ്ഞെടുപ്പ് തലേന്ന് രാത്രി പത്തിന് ലിക്കുഡ് പാർട്ടിക്ക് മാത്രം വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത ഇവർ, പുലർച്ചെ രണ്ട് മണിയോടെ ഇസ്‌ലാമിക് റിപ്പബ്ലിക്കിൽ നിന്നും പ്രതിരോധ അച്ചുതണ്ടിൽ നിന്നും സംരക്ഷണം ലഭിക്കാൻ വോട്ട് ചെയ്യണമെന്ന സന്ദേശം ഹീബ്രുവിലും ഇംഗ്ലീഷിലുമായി പങ്കുവെച്ചു. വോട്ടെടുപ്പ് ദിനത്തിൽ '#IsraeliElections2026' എന്ന ഹാഷ്‌ടാഗോടെ ജോലി പൂർത്തിയാക്കാൻ നെതന്യാഹുവിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ശൃംഖല, വെറും രണ്ട് അക്കൗണ്ടുകളിൽ നിന്നുമാത്രം ഒരേപോലെയുള്ള 109 പോസ്റ്റുകൾ ഇടുകയും 53 പ്രൊഫൈലുകളിൽ നിന്നുള്ള 232 കുറിപ്പുകൾക്ക് മിനിറ്റുകൾക്കകം കൂട്ടത്തോടെ മറുപടി നൽകുകയും ചെയ്തു.
1979-ൽ പുറത്താക്കപ്പെട്ട ഇറാന്റെ അവസാന ഷായുടെ മകൻ റെസാ പഹ്‌ലവിയെ പിന്തുണച്ച് പ്രവർത്തിച്ചിരുന്ന ഒരു ഡിജിറ്റൽ ശൃംഖലയിൽ നിന്നാണ് 1,600-ഓളം അക്കൗണ്ടുകൾ നെതന്യാഹുവിന്റെ പ്രചാരണത്തിനായി മാറ്റിയെടുത്തതെന്നും റിപ്പോർട്ടിലുണ്ട്. ജൂലൈയിൽ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചപ്പോൾ നെതന്യാഹുവിന്റെ എതിരാളികളെ ലക്ഷ്യമിട്ട് 185 അക്കൗണ്ടുകൾ രംഗത്തിറങ്ങുകയും വോട്ടെടുപ്പ് കഴിഞ്ഞതോടെ പഴയതുപോലെ പഹ്‌ലവി പ്രചാരണത്തിലേക്ക് മടങ്ങുകയും ചെയ്തു.
വ്യാജ അക്കൗണ്ടുകളുടെ ഇടപെടലിനെതിരെ ബ്രാൻഡൈസ് ഇൻസ്റ്റിറ്റ്യൂട്ടും 'ഫേക്ക് റിപ്പോർട്ടർ' സംഘടനയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാൽ അക്കൗണ്ടുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ അന്തിമ തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ കമ്മീഷൻ ചെയർമാൻ ജഡ്ജി നോം സോൾബർഗ്, വിഷയം കൂടുതൽ അന്വേഷണത്തിനായി പോലീസിന് കൈമാറുകയായിരുന്നു.





