കാലിഫോർണിയ: യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയയിൽ 20,000 പോസ്റ്റൽ ബാലറ്റുകൾ എണ്ണരുതെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം യുഎസ് സുപ്രീം കോടതി നിരസിച്ചു. തപാൽ വോട്ട് രേഖപ്പെടുത്തിയ ഈ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന വാദവുമായി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സമർപ്പിച്ച അടിയന്തര ഹർജി ഏതാനും മണിക്കൂറുകൾക്കകം തന്നെ കോടതി തള്ളുകയായിരുന്നു.
ഇന്ന് നടക്കുന്ന നിർണ്ണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിലെ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി കടുത്ത പോരാട്ടം നടത്തുന്നതിനിടെയാണ് ട്രംപിന് കോടതിയിൽ നിന്ന് ഈ തിരിച്ചടി നേരിടുന്നത്. ട്രംപിന്റെ ഈ വാദം പതിനായിരക്കണക്കിന് വോട്ടർമാരെ ബാധിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കാൻ ഇടയാക്കുന്നതുമായിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രബല സ്വാധീനമുള്ള കാലിഫോർണിയയിൽ പൗരത്വമില്ലാത്തവർ വോട്ട് ചെയ്യുന്നുവെന്ന ആരോപണത്തിലാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, പൗരന്മാരല്ലാത്തവർ ഉൾപ്പെടെ വോട്ടവകാശമില്ലാത്തവർ വോട്ട് ചെയ്യുന്ന സംഭവങ്ങൾ തീർത്തും വിരളമാണെന്ന് വിവിധ പഠനങ്ങളും സംസ്ഥാനതല പരിശോധനകളും വ്യക്തമാക്കുന്നുണ്ട്.





