റിയാദ്: ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചരിച്ച നാല് കപ്പലുകൾക്ക് നേരെ മൈൻ ആക്രമണം. സ്ഫോടനത്തെത്തുടർന്ന് കപ്പലുകളുടെ എൻജിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയും ചെയ്തെങ്കിലും ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. തങ്ങളുടെ നിബന്ധനകൾ പാലിക്കാതെ കടക്കാൻ ശ്രമിച്ചതിനാലാണ് കപ്പലുകൾ അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് (ഐആർജിസി) വ്യക്തമാക്കി.
ആക്രമണത്തിനിരയായ കപ്പലുകളിൽ രണ്ട് ടാങ്കറുകളിൽ 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വീതം ഉണ്ടായിരുന്നു; ഇതിലൊരു ടാങ്കർ ഇറാൻ അനധികൃതമായി കണക്കാക്കുന്ന തെക്കൻ സമുദ്രപാതയിലൂടെ സഞ്ചരിക്കവെയാണ് ആക്രമിക്കപ്പെട്ടത്. ഹോർമൂസ് വഴിയുള്ള എല്ലാ കപ്പലുകളും എണ്ണ ടാങ്കറുകളും മുൻകൂട്ടി ഐആർജിസിയുമായി ഏകോപനം നടത്തണമെന്നും സമുദ്രഗതാഗതം നിയന്ത്രിക്കുന്ന അധികൃതരെ അറിയിക്കണമെന്നും ഇറാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാനെതിരെ അമേരിക്ക സൈനിക നടപടി ആലോചിക്കുന്നതിനിടയിലാണ് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നത്. അതേസമയം, സൗദിയുടെ തെക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം സഖ്യസേന തകർത്തു.





