:ജെറുസലേം: ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിൽ ഇടപെട്ട് അട്ടിമറി നടത്തിയെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. ആരോപണങ്ങൾ അസംബന്ധവും അപകടകരവുമാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രാലയം, തിരഞ്ഞെടുപ്പിൽ ഇടപെടുകയോ ഫലത്തെ സ്വാധീനിക്കാനുള്ള നീക്കങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയോ ചെയ്തിട്ടില്ലെന്ന് വക്താവ് മാജിദ് അൽ-അൻസാരി എക്സിലൂടെ വ്യക്തമാക്കി.
അതേസമയം, ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ച ഇറാൻ, അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പുകൾ തടസ്സപ്പെടുത്താനും ലക്ഷ്യമിടുന്നതായി 'ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഏജന്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള വഴികൾ പരിശോധിക്കുകയാണെന്നും സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നതിനായി ശക്തമായ സൈബർ ഗ്രൂപ്പുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും ഇറാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
തങ്ങൾ ഒരു പ്രത്യേക സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുന്നില്ലെന്നും യുഎസും ഇസ്രയേലും ഭിന്നിച്ചുനിൽക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഇറാൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഉപരോധങ്ങൾ നിലനിൽക്കുമ്പോൾ തോക്കുകളും മിസൈലുകളും മാത്രമല്ല പോരാട്ടമെന്നും ബാങ്കിംഗ്, യാത്രാ സൗകര്യങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം തടസ്സപ്പെടുത്തുന്നത് ഇരുരാജ്യങ്ങളുമായുള്ള യുദ്ധത്തിന്റെ തുടർച്ചയാണെന്നും മറ്റൊരു ഇറാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.





