കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ആംബുലൻസ് പൊട്ടിത്തെറിച്ച് രോഗിയുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഥാർപാർക്കർ ജില്ലയിലെ ആശുപത്രി വളപ്പിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രോഗിയുടെ ബന്ധുക്കളും ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ഉൾപ്പെടുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ആരിഫ് അസീസ് വ്യക്തമാക്കി.
സ്ഫോടനത്തെ തുടർന്ന് ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന മറ്റ് രോഗികളെ അടിയന്തരമായി സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം സന്ദേശത്തിൽ ആശംസിച്ചു.





