കംപാല: ഒന്നര പതിറ്റാണ്ടിനിടെ 38 പേരെ വെട്ടിക്കൊലപ്പെടുത്തി മാംസം ഭക്ഷിച്ച കുപ്രസിദ്ധ സീരിയൽ കില്ലർ മുജുരിസി മോസസിനെ ഉഗാണ്ടൻ സുരക്ഷാ സേന പിടികൂടി. രാജ്യത്തെ ഏറ്റവും ക്രൂരനായ നരഭോജിയായ പ്രതിയെ സൈന്യം ദീർഘനാളത്തെ തെരച്ചിലിനൊടുവിൽ കസ്റ്റഡിയിലെടുത്തതായി ഉഗാണ്ടൻ പ്രതിരോധ സേനാ മേധാവി ജനറൽ മുഹൂസി കൈനെരുഗാബ എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു; പ്രതിയെ പരസ്യവിചാരണയ്ക്ക് വിധേയനാക്കി വധശിക്ഷ നടപ്പാക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
2010 മുതൽ 2025 വരെയുള്ള കാലയളവിൽ ഉഗാണ്ടയിലെ മസാക്ക, ഇബാൻഡ, കാസോ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. വീടുകളിൽ അതിക്രമിച്ചു കയറി വാളുപയോഗിച്ച് ഇരകളെ വെട്ടിക്കൊല്ലുകയോ, അല്ലെങ്കിൽ വശീകരിച്ച് കൊണ്ടുപോയി വധിക്കുകയോ ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി; ചിലയിടങ്ങളിൽ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തി മാംസം ഭക്ഷിച്ചിട്ടുമുണ്ട്.
മുൻപ് പലതവണ സുരക്ഷാ സേനയുടെ പിടിയിലായിട്ടുണ്ടെങ്കിലും പ്രതി തടവുചാടുകയോ തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കപ്പെടുകയോ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.





