ദുബായ്: കോക്പിറ്റിൽ സഹപൈലറ്റിന്റെ വധശ്രമവും വിമാനം തട്ടിയെടുക്കാനുള്ള നീക്കവും ചെറുത്തുതോൽപ്പിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനും ഫ്ലൈ ദുബായ് ജീവനക്കാർക്കും യുഎഇയുടെ ഉന്നത ബഹുമതി. ജീവനക്കാർക്ക് 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് - 2' പുരസ്കാരം യുഎഇ പ്രസിഡന്റ് സമ്മാനിച്ചു; ഏറ്റുമുട്ടലിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ നിലവിൽ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് 174 യാത്രക്കാരുമായി ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലായിരുന്നു സംഭവം. യാത്രയ്ക്കിടെ വിമാനം റാഞ്ചാൻ ശ്രമിച്ച സഹപൈലറ്റ് ക്യാപ്റ്റനെ കോക്പിറ്റിലിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിരോധം തുടർന്ന സ്മിത്ത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറക്കുകയും, ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയുമായിരുന്നു.
തുടർന്ന് സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. ക്യാപ്റ്റന്റെ സമയോചിതമായ ഇടപെടലാണ് ആകാശത്ത് സംഭവിക്കുമായിരുന്ന വലിയൊരു ദുരന്തം ഒഴിവാക്കിയത്.





