ടെൽ അവീവ്: തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചിരുന്നെങ്കിൽ ഫ്ലൈദുബായ് യാത്രാവിമാനം വെടിവെച്ചു വീഴ്ത്താൻ ഇസ്രായേൽ സൈന്യം തയ്യാറെടുത്തിരുന്നതായി യുഎസ് മാധ്യമമായ സിബിഎസ് ന്യൂസ് വെളിപ്പെടുത്തി. വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ഇസ്രായേൽ വ്യോമസേന ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല; തുടർന്ന് ഇസ്രായേൽ പൗരന്മാരെ ബന്ദികളാക്കിയുള്ള വിലപേശൽ തടയുകയെന്ന ലക്ഷ്യത്തോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി നിർത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആകെ 182 യാത്രക്കാരിൽ 150 പേരും ഇസ്രായേലികളായിരുന്നു.
ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി കോക്ക്പിറ്റിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അതിക്രൂരമായി ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് വഴിവെച്ചത്. ഇസ്രായേലിലെ ടെൽ അവീവ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടിരുന്നതെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.





