വാഷിംഗ്ടൺ: ഫ്ലൈദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച സഹപൈലറ്റ് ഹമാം അൽ ഹമ്മാമി സുരക്ഷാ ഭീഷണിയാണെന്ന് മുൻപേ വ്യക്തമായിരുന്നിട്ടും വിമാനം പറത്താൻ അനുമതി നൽകിയതിൽ ചോദ്യങ്ങളുയർത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. മുൻകാല ചരിത്രം പരിശോധിച്ചാൽ ഇയാൾ ഒരിക്കലും ഒരു യാത്രാവിമാനം നിയന്ത്രിക്കാൻ പാടില്ലായിരുന്നുവെന്ന് അലാസ്കയിലേക്ക് തിരിക്കും മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ വാൻസ് ചൂണ്ടിക്കാട്ടി.
ഒമാൻ എയറിൽ ജോലി ചെയ്യവെ ഈ ഇരുപത്തിയൊൻപതുകാരന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിച്ച ഒമാൻ അധികൃതർ, ഇയാളുടെ തീവ്രവാദ ആശയങ്ങളോടുള്ള ആഭിമുഖ്യം വിമാനം പറത്തുന്നതിന് തടസ്സമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പറക്കൽ വിലക്ക് ഏർപ്പെടുത്തുകയും ഡി-റാഡിക്കലൈസേഷൻ പ്രോഗ്രാമിന് വിധേയനാക്കിയ ശേഷം ഡെസ്ക് ജോലിയിലേക്ക് മാറ്റുകയും ചെയ്തതായി 'ദി വോൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിവരങ്ങൾ ഒമാൻ മറ്റ് വിമാനക്കമ്പനികളുമായോ അധികൃതരുമായോ പങ്കുവെച്ചില്ല; തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഫ്ലൈദുബായ് ഇയാളെ ജോലിക്കെടുക്കുമ്പോൾ മുൻകാല തൊഴിൽ ചരിത്രം ഒമാനുമായി ബന്ധപ്പെട്ട് പരിശോധിച്ചതുമില്ല. ദുബായ്-ടെൽ അവീവ് റൂട്ടിലടക്കം യാത്രാ സർവീസുകൾ നിയന്ത്രിക്കാൻ ഇയാൾക്ക് പിന്നീട് അനുമതി ലഭിക്കുകയും ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പുനഃപരിശോധിക്കുമെന്ന് ജെ.ഡി. വാൻസ് വ്യക്തമാക്കി. വിമാന സർവീസ് നടത്തുന്നതിന് അപകടസാധ്യതയുള്ള വ്യക്തികൾ യാത്രാവിമാനങ്ങൾ പറത്തുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും, സെപ്റ്റംബർ 11 ഭീകരാക്രമണം ഓർമ്മിപ്പിച്ചുകൊണ്ട് യുഎസിലേക്ക് എത്തുന്ന വിദേശ പൈലറ്റുമാരുടെ പശ്ചാത്തലം സൂക്ഷ്മമായി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് സ്ഥിരീകരിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, ജോൺ റാറ്റ്ക്ലിഫ് ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം നിരീക്ഷിക്കുന്നതെന്നും വാൻസ് കൂട്ടിച്ചേർത്തു.





