കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 626 ആയി വർദ്ധിച്ചു. മലയാളികൾ അടക്കമുള്ള 320 ഇന്ത്യൻ പൗരന്മാർക്കായി തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ത്രിശൂലിയിലെ തെരച്ചിൽ നടപടികൾ വീണ്ടും തുടങ്ങി. ടണൽ റെസ്ക്യൂ വിദഗ്ദ്ധരടങ്ങുന്ന പതിനൊന്നംഗ ഇന്ത്യൻ രക്ഷാപ്രവർത്തക സംഘം നേപ്പാളിലെത്തി രക്ഷാദൗത്യത്തിൽ പങ്കുചേർന്നു.
പ്രതിസന്ധി ഘട്ടത്തിൽ വലിയ പിന്തുണയും ഐക്യദാർഢ്യവും നൽകിയതിന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനും കേന്ദ്ര സർക്കാരിനും നേപ്പാൾ പ്രസിഡന്റ് നന്ദി അറിയിച്ചു. മിന്നൽ പ്രളയം ആഞ്ഞടിച്ച് നാലാം നാളിലും കാണാതായ ആളുകൾക്കായുള്ള തെരച്ചിൽ സജീവമായി നടക്കുകയാണ്. എന്നാൽ, തോരാത്ത മഴയും തിബറ്റ് അതിർത്തിയിലെ തടയണ തകർന്നേക്കുമെന്ന മുന്നറിയിപ്പുകളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
രാജ്യത്തെ 13 ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 679 തൊഴിലാളികളും ഇന്ത്യക്കാരും അടക്കം ആകെ 2500-ഓളം ആളുകളെയാണ് ഇനി കണ്ടെത്താനുള്ളത്. അതേസമയം, വിവിധ തലങ്ങളിലെ നയതന്ത്ര ചർച്ചകൾക്കൊടുവിൽ ദുരന്തമുഖത്ത് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ നേപ്പാൾ ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചു.
തുടർന്നാണ് 11 പേരടങ്ങുന്ന ഇന്ത്യൻ സംഘം നേപ്പാളിലേക്ക് തിരിച്ചത്. അതിനിടെ, ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. എൻ.ഡി.ആർ.എഫ് സംഘത്തെ അടിയന്തരമായി ദുരന്തബാധിത പ്രദേശത്തേക്ക് അയക്കണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.





