ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ നായകനുമായ ഇമ്രാൻ ഖാന് തടവിൽ കൃത്യമായ വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റൻമാർ. ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ, മുൻ ഇംഗ്ലണ്ട് നായകൻ സർ അലസ്റ്റയർ കുക്ക് എന്നിവരുൾപ്പെടെ 21 പ്രമുഖ മുൻ നായകന്മാരാണ് സംയുക്തമായി ഈ ആവശ്യമുന്നയിച്ചത്. അഴിമതിക്കേസുകൾ നിഷേധിച്ചിട്ടും 2023 മുതൽ തടവിൽ കഴിയുന്ന 73-കാരനായ ഇമ്രാനെ കഴിഞ്ഞയാഴ്ച സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘം ഏതാനും മണിക്കൂറുകൾ മാത്രം പരിശോധിച്ച ശേഷം തിരികെ അയച്ചതിൽ മുൻ താരങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. കൂടാതെ, സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സ്വന്തം സ്വകാര്യ ഡോക്ടർമാരുടെ സേവനം നിഷേധിച്ചതിനെതിരെ ഇമ്രാന്റെ പാർട്ടി സർക്കാരിനെതിരെ കോടതി അലക്ഷ്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തിൽ അയച്ച കത്തിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇമ്രാന്റെ സ്വകാര്യ ഡോക്ടർമാർ ഉൾപ്പെടുന്ന, സുപ്രീം കോടതി നിർദ്ദേശിച്ച മെഡിക്കൽ ബോർഡ് അദ്ദേഹത്തിന്റെ ആരോഗ്യം—പ്രത്യേകിച്ച് വലതു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ—പരിശോധിക്കുക എന്നതാണ് ആദ്യ ആവശ്യം. കോടതി ഉത്തരവിട്ടതുപോലെ കുടുംബാംഗങ്ങൾക്ക് ആഴ്ചതോറുമുള്ള സന്ദർശനാനുമതി ഭരണപരമായ തടസ്സങ്ങളില്ലാതെ അനുവദിക്കുക, വിദഗ്ധ സമിതി നിർദ്ദേശിക്കുന്ന തുടർചികിത്സകൾ യാതൊരു കാലതാമസവുമില്ലാതെ ലഭ്യമാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. രാഷ്ട്രീയ-നിയമ തർക്കങ്ങൾ എന്തുതന്നെയായാലും കോടതി ഉത്തരവിട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നത് ഒരു മനുഷ്യനോട് കാണിക്കേണ്ട അടിസ്ഥാന മര്യാദയാണെന്ന് കത്തിൽ ഒപ്പുവെച്ചവർ വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ മൈക്കൽ ആതർട്ടൺ, മൈക്കൽ ബ്രിയർലി, നാസർ ഹുസൈൻ, ആൻഡ്രൂ സ്ട്രോസ്, ഡേവിഡ് ഗോവർ, ഇന്ത്യയുടെ കപിൽ ദേവ്, ദിലീപ് വെങ്സർക്കാർ, ഓസ്‌ട്രേലിയയുടെ ബെലിൻഡ ക്ലാർക്ക്, ആദം ഗിൽക്രിസ്റ്റ്, സ്റ്റീവ് വോ, കിം ഹ്യൂസ് എന്നിവരടക്കമുള്ള പ്രമുഖരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. നേരത്തെ ഫെബ്രുവരി മാസത്തിലും ഇമ്രാന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 14 മുൻ നായകന്മാർ കത്തയച്ചിരുന്നു. അധികൃതരുടെ അനാസ്ഥ മൂലം ഇമ്രാന്റെ വലതു കണ്ണിന്റെ കാഴ്ച 15 ശതമാനമായി ചുരുങ്ങിയെന്ന് അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. അതിർത്തികൾക്കപ്പുറം കളിസ്ഥലത്തെ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ഈ ഇടപെടലെന്ന് താരങ്ങൾ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും, ഇസ്ലാമാബാദിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യവാനാണെന്ന് റിപ്പോർട്ട് നൽകി മണിക്കൂറുകൾക്കകം വീണ്ടും ജയിലിലേക്ക് മാറ്റുകയായിരുന്നു.





