ഹോങ്കോംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവഗാനത്തെ മുൻനിർത്തി തമാശ അവതരിപ്പിച്ചതിന് രാജ്യത്തെ ഏറ്റവും പ്രമുഖനും സ്വാധീനമുള്ളതുമായ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ഗുവോ ദെഗാങ്ങിനെതിരെ അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ തുടർപരിപാടികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ അവസാനത്തോടെ വുഹാനിൽ നടന്ന ഒരു പരിപാടിക്കിടെ പ്രശസ്തമായ ചൈനീസ് വിപ്ലവഗാനത്തിൽ സ്വന്തം വരികൾ കൂട്ടിച്ചേർത്ത് ആലപിച്ചതിലൂടെ ഇദ്ദേഹം പൊതുമര്യാദകൾ ലംഘിച്ചുവെന്നാണ് ഉയർന്ന ആരോപണം.
ക്ലാസിക് വിപ്ലവ സൃഷ്ടിയെ വികൃതമാക്കുകയും തരംതാഴ്ത്തുകയും ചെയ്തതിനൊപ്പം പൊതുസദാചാര പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഒരാൾ വുഹാൻ നഗരത്തിലെ കൾച്ചർ ആൻഡ് ടൂറിസം ബ്യൂറോയ്ക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിക്കത്തിന്റെ സ്ക്രീൻഷോട്ട് ചൈനീസ് മാധ്യമമായ ‘ദി പേപ്പർ’ (The Paper) പുറത്തുവിട്ടിട്ടുണ്ട്. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ പ്രത്യയശാസ്ത്ര നിരീക്ഷണം ശക്തമാക്കുന്നതിനിടയിൽ, കടുത്ത സെൻസർഷിപ്പ് നിലനിൽക്കുന്ന ചൈനയിൽ ഹാസ്യകലാകാരന്മാർ നേരിടുന്ന അതിസൂക്ഷ്മമായ വെല്ലുവിളികളെയാണ് ഗുവോയ്‌ക്കെതിരെയുള്ള നടപടി വ്യക്തമാക്കുന്നത്.
ചൈന-ജപ്പാൻ യുദ്ധകാലത്ത് ജാപ്പനീസ് സേനയ്ക്കെതിരെ പോരാടിയ കമ്യൂണിസ്റ്റ് ഗറില്ലാ സേനയുടെ പ്രതിരോധ വീര്യത്തെ ചിത്രീകരിക്കുന്ന ‘പ്ലേയിംഗ് മൈ ബിലവ്ഡ് പിപ’ (Playing my beloved pipa) എന്ന ഗാനമാണ് വിവാദത്തിന് ആധാരം. 1950-കളിലെ പ്രശസ്ത ചൈനീസ് സിനിമയായ ‘റെയിൽറോഡ് ഗറില്ലാസ്’ (Railroad Guerrillas)-ൽ ഉൾപ്പെടുത്തിയിരുന്ന ഈ ഗാനം, 2019-ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപനത്തിന്റെ 70-ാം വാർഷികാഘോഷ വേളയിൽ തെരഞ്ഞെടുക്കപ്പെട്ട 100 ഗാനങ്ങളിൽ ഒന്നുകൂടിയായിരുന്നു.





