ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ വർഷം മേയിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ജയ്‌ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ പ്രധാന ആസ്ഥാനം പുനർനിർമ്മിച്ചതായി റിപ്പോർട്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപൂരിലെ ഈ ഭീകരകേന്ദ്ര സമുച്ചയം പുതിയ മാർബിളുകൾ പതിച്ചും പ്ലാസ്റ്ററിംഗും പെയിന്റിംഗും നടത്തി പൂർണ്ണമായും നവീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ കനത്ത പ്രഹരമേറ്റ് തകർന്ന താഴികക്കുടങ്ങൾ പുനഃസ്ഥാപിച്ചതിനൊപ്പം, പ്രധാന ഹാളിലുണ്ടായിരുന്ന വലിയ ഗർത്തങ്ങൾ നികത്തി മുൻപുണ്ടായ നാശനഷ്ടങ്ങളുടെ അടയാളങ്ങൾ പൂർണ്ണമായി മറയ്ക്കുന്ന തരത്തിലാണ് പുതിയ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന് തങ്ങളുടെ ആസ്ഥാനം പുനർനിർമ്മിക്കാൻ പാക് ഭരണകൂടം ഘട്ടംഘട്ടമായി 25 കോടി പാകിസ്ഥാനി രൂപ കൈമാറിയതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഏകദേശം 11 കോടിയോളം രൂപ കേന്ദ്ര ഹാൾ മാത്രം നിർമ്മിക്കാനാണ് ഉപയോഗിച്ചത്. പ്രധാന കെട്ടിടത്തോട് ചേർന്ന് തകർന്നുകിടന്നിരുന്ന മദ്രസ അൽ-സാബിറും ഭീകര കമാൻഡർമാരുടെ താമസസ്ഥലങ്ങളും പൊളിച്ചുമാറ്റി പുതിയ നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. ഈ വർഷം ഏപ്രിലിലെ ഉപഗ്രഹ ചിത്രങ്ങളിൽ നിർമ്മാണ വാഹനങ്ങളും യന്ത്രങ്ങളും താഴികക്കുടങ്ങളുടെ അറ്റകുറ്റപ്പണികളും കാണാമായിരുന്നെങ്കിൽ, ഏറ്റവും പുതിയ ചിത്രങ്ങളിൽ സമുച്ചയം വീണ്ടും പ്രവർത്തനസജ്ജമായ നിലയിലാണെന്ന് വ്യക്തമാകുന്നു. 'മർകസ് സുബ്ഹാൻ അള്ളാ' സമുച്ചയം പുതുക്കിപ്പണിയാൻ ഇവർ നേരത്തെ ധനസമാഹരണം നടത്തിയിരുന്നു.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുൽവാമ ചാവേർ ആക്രമണം എന്നിവയുടെയെല്ലാം പ്രധാന ആസൂത്രണ കേന്ദ്രമായിരുന്നു ബഹാവൽപൂരിലെ ഈ താവളം. മേയ് ഏഴിന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട 13 പേരിൽ പത്തുപേരും ജയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുക്കളായിരുന്നു. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെ, പാക് കരസേനയുടെ 31-ാം കോർപ്സ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ഈ ഭീകരകേന്ദ്രം നിലകൊള്ളുന്നത്. 2002-ൽ സംഘടനയെ ഔദ്യോഗികമായി നിരോധിച്ചെങ്കിലും, പാക് സർക്കാരിന്റെ സംരക്ഷണയിൽ മസൂദ് അസ്ഹറും മറ്റ് ഉന്നത നേതാക്കളും ഇവിടെ സുരക്ഷിതരായി തുടരുകയാണ്.





