തെഹ്‌റാൻ: അമേരിക്കൻ സൈനികരെ ജീവനോടെ പിടികൂടുകയോ വധിക്കുകയോ ചെയ്ത് കൈമാറുന്നവർക്ക് 30,000 യു.എസ് ഡോളർ (ഏകദേശം 5 ബില്യൺ ഇറാനിയൻ റിയാൽ) പ്രതിഫലമായി നൽകുമെന്ന് ഇറാൻ സൈനിക മേധാവി അമീർ ഹതാമി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എയുടെ (IRNA) വിവരങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി (AFP) ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ദൗത്യത്തിൽ പങ്കാളികളാകാൻ നിരവധി പേർ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നാണ് വിശദീകരണം.
യു.എസ് സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ നൽകുമ്പോൾ, സ്ത്രീകൾക്കാണെങ്കിൽ ഇരട്ടി തുകയായ 60,000 നൽകുമെന്നും ഹതാമി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമെ, അമേരിക്കൻ സൈനികരെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ അവയുടെ യഥാർത്ഥ വിലയുടെ ഇരട്ടി തുക നൽകി അധികൃതർ വാങ്ങുമെന്നും, പകരം അവർക്ക് പുതിയ ആയുധം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ രീതിയിൽ ശേഖരിക്കുന്ന ആയുധങ്ങൾ മ്യൂസിയത്തിൽ പ്രദർശനത്തിന് സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള പോരാട്ടത്തിലൂടെ അമേരിക്കൻ സൈനിക ശേഷിയെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞുവെന്നും അമീർ ഹതാമി ആരോപിച്ചു.





