സാൻഫ്രാൻസിസ്കോ: മുൻകാല ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കൂട്ടിനെ തിരികെ കൊണ്ടുവരാനുള്ള ഒരുക്കങ്ങളുമായി സ്ഥാപകൻ ഓർക്കൂട്ട് ബ്യൂക്കോക്റ്റൻ. എഐ ഉള്ളടക്കങ്ങളും അൽഗോരിതങ്ങളും ഇല്ലാത്ത യഥാർത്ഥ സോഷ്യൽ മീഡിയ ഇടം ഒരുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം, orkut.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉപയോക്താക്കൾക്കായി തുറന്ന കത്ത് പ്രസിദ്ധീകരിച്ച് പിന്തുണ അഭ്യർത്ഥിച്ചു.
പരസ്യവരുമാനത്തിനും ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമായി രൂപപ്പെടുത്തിയ ഇന്നത്തെ സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ പുതിയ തലമുറയിൽ ഉത്കണ്ഠയും ഏകാന്തതയും സൃഷ്ടിക്കുന്നുവെന്ന് ബ്യൂക്കോക്റ്റൻ ചൂണ്ടിക്കാട്ടി. വ്യാജ ബോട്ടുകളും ഡീപ് ഫേക്കുകളും നിറഞ്ഞ ഡിജിറ്റൽ ലോകത്ത് മനുഷ്യർ തമ്മിലുള്ള ആത്മാർത്ഥ ബന്ധങ്ങൾ നഷ്ടപ്പെട്ടതായും, യന്ത്രങ്ങൾക്ക് പകരമാവാൻ കഴിയാത്ത സ്നേഹവും കാരുണ്യവുമുള്ള ഒരു ഇന്റർനെറ്റ് സംസ്കാരം ഒരുമിച്ച് കെട്ടിപ്പടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാന ചിന്താഗതികളും താല്പര്യങ്ങളുമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന പഴയ കമ്മ്യൂണിറ്റി രീതികൾ പുനഃസ്ഥാപിക്കാനാണ് പുതിയ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ലോഞ്ചിങ് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് സപ്പോർട്ടർ കാർഡ് പങ്കുവെക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. 2004-ൽ ആരംഭിച്ച ഓർക്കൂട്ട് ഇന്ത്യയിലും ബ്രസീലിലും വൻ ജനപ്രീതി നേടിയിരുന്നെങ്കിലും, പുതിയ പ്ലാറ്റ്‌ഫോമുകളുടെ വരവോടെ 2014 സെപ്റ്റംബറിൽ ഗൂഗിൾ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.





