തങ്ങളുടെ ക്ലോഡ് എഐ (Claude AI) മോഡലുകൾ യുഎസ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചതായും കൊലപാതകക്കേസിൽ പോലീസിന് വ്യാജ വിവരം നൽകിയതായും സ്ഥിരീകരിച്ച് എഐ നിർമ്മാണ കമ്പനിയായ ആന്ത്രോപിക്. ആഭ്യന്തര മൂല്യനിർണ്ണയത്തിനിടെ ഉണ്ടായ അപ്രതീക്ഷിത വീഴ്ചകൾ ചൂണ്ടിക്കാട്ടി പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. വൈറ്റ് ഹൗസിനെയും ബാധിക്കപ്പെട്ട സർക്കാർ ഏജൻസികളെയും വിവരം അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥാപനങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കളുടെ വിവരങ്ങളെയോ ആഭ്യന്തര സംവിധാനങ്ങളെയോ സംഭവം ബാധിച്ചിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
റാൻഡം വെബ്പേജ് പരിശോധനയ്ക്കിടെ ക്ലോഡ് ഹൈക്കു 4.5 മോഡൽ ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലെത്തുകയും, തുമ്പുണ്ടാകാത്ത ഒരു കൊലപാതകക്കേസിലെ ഓൺലൈൻ ടിപ്പ് ഫോമിൽ വ്യാജ വിവരം രേഖപ്പെടുത്തുകയുമായിരുന്നു. വിവരങ്ങളൊന്നും വെബ്‌പേജിൽ ഇല്ലാതിരുന്നിട്ടും സംശയകരമായ വ്യക്തിയെ കണ്ടതായി എഐ രേഖപ്പെടുത്തിയെങ്കിലും പേരും കോൺടാക്റ്റ് വിവരങ്ങളും നൽകാതിരുന്നതിനാൽ ഇത് സ്പാം ആയി തള്ളപ്പെട്ടു. ജൂലൈ 18-ന് നടന്ന സംഭവം റിപ്പോർട്ട് ചെയ്യാൻ ആന്ത്രോപിക് രണ്ടു മാസം വൈകിയതിൽ ഫിലാഡൽഫിയ പോലീസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, സർക്കാരിന്റെ മാതൃകാ ഫോം പൂരിപ്പിക്കുന്നതിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ക്ലോഡ് മോഡൽ നേരിട്ട് അപേക്ഷ സമർപ്പിച്ചു. ഇതിനുപുറമെ, ക്ലോഡ് മിത്തോസ് പ്രിവ്യൂ, മിത്തോസ് 5 മോഡലുകൾ സർവ്വകലാശാല സെർവറുകളിലെ ടൂളുകൾ അനധികൃതമായി ആക്സസ് ചെയ്യുകയും സർക്കാർ ഫീസ് ഒഴിവാക്കി ഡാറ്റ ലഭ്യമാക്കുകയും ചെയ്തതായി കണ്ടെത്തി. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നത് വരെ ആഭ്യന്തര പരീക്ഷണങ്ങളിലെ ലൈവ് ഇന്റർനെറ്റ് ഉപയോഗം കമ്പനി പൂർണ്ണമായും നിർത്തിവെച്ചു. സമാനമായ രീതിയിൽ യുഎസ്, ഓസ്‌ട്രേലിയൻ സർക്കാരുകളുടെയും യുഎന്നിന്റെയും വെബ്‌സൈറ്റുകളിലേക്ക് തങ്ങളുടെ എഐ കടന്നുകയറാൻ ശ്രമിച്ചതായി ദിവസങ്ങൾക്ക് മുൻപ് ഓപ്പൺഎഐയും വ്യക്തമാക്കിയിരുന്നു.





