മുംബൈ: വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിച്ചതിന് പിന്നിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള അന്നത്തെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ മോശം പെരുമാറ്റമാണെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സെലക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ നീതികേട് കാരണമാണ് കോഹ്ലിക്ക് ടെസ്റ്റ് കരിയർ അവസാനിപ്പിക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ട് പര്യടനത്തിനായി താരം മുന്നൊരുക്കങ്ങൾ നടത്തിവരികയായിരുന്നുവെന്നും, ഇനിയും ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ പ്രാപ്തിയുണ്ടായിരുന്ന കോഹ്ലി തന്നോട് അധികൃതർ പെരുമാറിയ രീതിയിൽ അസ്വസ്ഥനായിരുന്നുവെന്നും ജാഫർ ചൂണ്ടിക്കാട്ടി.
സ്റ്റേഡിയങ്ങളിലേക്ക് ക്രിക്കറ്റ് പ്രേമികളെ ആകർഷിക്കാൻ വലിയ സ്വാധീനമുള്ള താരമാണ് കോഹ്ലിയെന്നും അദ്ദേഹത്തോടുള്ള സെലക്ഷൻ കമ്മിറ്റിയുടെ സമീപനം അനുചിതമായിരുന്നുവെന്നും മുൻ ഇന്ത്യൻ ഓപ്പണർ കൂട്ടിച്ചേർത്തു.





