ലണ്ടൻ: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 10 ടെസ്റ്റ് ബൗളർമാരെ തിരഞ്ഞെടുത്തപ്പോൾ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനെയും ഗ്ലെൻ മഗ്രാത്തിനെയും മറികടന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്ത്. ഒരു സ്പോർട്സ് പോഡ്കാസ്റ്റിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ ജോസ് ബട്ട്ലറും സ്റ്റുവർട്ട് ബ്രോഡും ചേർന്നാണ് ഈ പട്ടിക പുറത്തുവിട്ടത്. ബുംറയ്ക്ക് പിന്നിലായി മുൻ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ നാലാമതും മുൻ ഓസ്ട്രേലിയൻ പേസ് താരം ഗ്ലെൻ മഗ്രാത്ത് അഞ്ചാമതുമാണ് ഇടംപിടിച്ചത്.
മുരളീധരന് മുകളിൽ ബുംറയെ തിരഞ്ഞെടുത്തതിൽ അവതാരകൻ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ബുംറ ടെസ്റ്റ് ക്രിക്കറ്റിലെ 'ആധുനിക കാലത്തെ പ്രതിഭാസവും' മികച്ച മാച്ച് വിന്നറുമാണെന്ന് ബ്രോഡ് വിശദീകരിച്ചു. ആഭ്യന്തര പിച്ചുകളിലും വിദേശ സാഹചര്യങ്ങളിലും ഒരുപോലെ തിളങ്ങാനുള്ള കഴിവും, സമീപകാല ടെസ്റ്റ് മത്സരങ്ങളിൽ ഏതൊരു വിക്കറ്റിലും സ്വാധീനം ചെലുത്തി പുലർത്തുന്ന സ്ഥിരതയുമാണ് ബുംറയെ വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം മെൽബണിൽ ഷെയ്ൻ വോണിനെ മറികടന്ന് 709 വിക്കറ്റുകളോടെ റെക്കോർഡിട്ട് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സനാണ് പട്ടികയിൽ ഒന്നാമത്. ഷെയ്ൻ വോൺ രണ്ടാം സ്ഥാനത്തും ഡെയ്ൽ സ്റ്റെയ്ൻ ആറാമതും സ്റ്റുവർട്ട് ബ്രോഡ് ഏഴാമതും എത്തി. മിച്ചൽ സ്റ്റാർക്ക് എട്ടാമതും ഓസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒൻപതാമതും കാഗിസോ റബാഡ പത്താമതുമായി പട്ടിക പൂർത്തിയാക്കി.





