ന്യൂഡൽഹി: സമൂഹത്തിൽ ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കാനുള്ള യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്‌പിഎ) സംരംഭങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒരു ജനതയിലും ഒരു കാലത്തും ഒത്തുതീർപ്പ് അനുവദിക്കാനാവാത്ത അടിസ്ഥാന കാര്യമാണ് ലിംഗസമത്വമെന്ന് സഞ്ജു വ്യക്തമാക്കി.
ക്ലാസ് മുറികളിലോ ജോലിസ്ഥലത്തോ അതല്ലെങ്കിൽ ക്രിക്കറ്റ് മൈതാനത്തോ ആകട്ടെ, വലിയ സ്വപ്നങ്ങൾ കാണുന്നതിനും ആദരിക്കപ്പെടുന്നതിനും എല്ലാവർക്കും തുല്യമായ അർഹതയുണ്ടെന്ന് സഞ്ജു ഓർമ്മിപ്പിച്ചു. അതിനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും, തന്റെ വാക്കുകൾ ഏതെങ്കിലും ഒരു കുടുംബത്തെയെങ്കിലും ലിംഗസമത്വത്തെ പുതിയൊരു കാഴ്ചപ്പാടോടെ സമീപിക്കാൻ പ്രേരിപ്പിച്ചാൽ അത് വലിയൊരു നേട്ടമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് പിച്ചിൽ എപ്പോഴും മുന്നോട്ട് കയറി കളിക്കുന്ന അതേ തന്റേടത്തോടെയാണ് ഈ സാമൂഹിക ദൗത്യത്തിലും താരം അണിചേരുന്നത്. സഞ്ജുവിന്റെ കോടിക്കണക്കിന് വരുന്ന ആരാധകവൃന്ദത്തിൽ ഏറിയ പങ്കും യുവജനങ്ങളായതിനാൽ, ഈ സന്ദേശം അതിരുകൾക്കപ്പുറമുള്ള നിരവധി പേരിലേക്ക് ശക്തമായി എത്തിച്ചേരും. സമത്വത്തെ ഉയർത്തിപ്പിടിക്കുന്നത് ഒരു ദൗർബല്യമല്ല, മറിച്ച് അതൊരു കരുത്താണെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
സഞ്ജുവിന്റെ ഈ പിന്തുണയ്ക്ക് യുഎൻഎഫ്‌പിഎ ഇന്ത്യൻ പ്രതിനിധി ആൻഡ്രിയ എം. വോജ്നാർ കൃതജ്ഞത രേഖപ്പെടുത്തി. ഏവർക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ഇന്ത്യൻ സർക്കാരുമായി കൈകോർത്ത് ഒട്ടനവധി പ്രവർത്തനങ്ങളാണ് സംഘടന നടപ്പിലാക്കിവരുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ നെഞ്ചിലേറ്റുന്ന ഒരു കായികതാരം ലിംഗസമത്വത്തിന് വേണ്ടി നേരിട്ട് രംഗത്തെത്തുമ്പോഴുണ്ടാകുന്ന മാറ്റം വളരെ വലുതാണെന്നും ആൻഡ്രിയ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയ്ക്ക് കീഴിൽ ലൈംഗിക-പ്രത്യുൽപാദന ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ആഗോള ഏജൻസിയാണ് യുഎൻഎഫ്‌പിഎ. ഓരോ ഗർഭധാരണവും ആഗ്രഹിച്ചുകൊണ്ടുള്ളതാക്കുക, ഓരോ പ്രസവവും സുരക്ഷിതമായി പൂർത്തിയാക്കുക, ഓരോ യുവതലമുറയുടെയും ശേഷികൾ പൂർണ്ണമായി വിനിയോഗിക്കുക എന്നീ സന്ദേശങ്ങളാണ് സംഘടന മുൻപോട്ടു വെക്കുന്നത്. കുടുംബാസൂത്രണം, മികച്ച മാതൃജന ആരോഗ്യം, ശാസ്ത്രീയവും സമഗ്രവുമായ ലൈംഗിക വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുകയാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യങ്ങൾ.





