സെന്റ് ജോൺസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ബോർഡിന്റെ ഭീമമായ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വാർഷിക കരാറിലുള്ള താരങ്ങളുടെ പ്രതിഫലത്തിൽ 25 ശതമാനം കുറവ് വരുത്തിയതായി ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു.
ആഭ്യന്തര ക്രിക്കറ്റ് കളിക്കാരുടെ കരാർ കാലാവധി ഏഴ് മാസമായി ചുരുക്കിയെങ്കിലും അന്താരാഷ്ട്ര താരങ്ങളുടെ കരാർ 12 മാസമായിത്തന്നെ നിലനിർത്തും. കടുത്ത സാമ്പത്തിക ഞെരുക്കവും മത്സരരംഗത്തെ വെല്ലുവിളികളും അതിജീവിക്കാൻ ഒഴിവാക്കാനാവാത്ത കടുത്ത നടപടിയാണിതെന്ന് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഡെഹ്റിംഗ് വ്യക്തമാക്കി.
കഴിഞ്ഞ 15 വർഷത്തിനിടയിൽ വിമാനയാത്രാച്ചെലവുകൾക്കായി മാത്രം 80 മില്യൺ ഡോളറിലധികമാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ് ചിലവിട്ടത്. നിലവിലെ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാൻ ഐസിസി അനുവദിച്ച 16 മില്യൺ ഡോളറിന്റെ വായ്പ കൈപ്പറ്റുന്നതിന് ബോർഡ് കർശനമായ ചില സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അറിയിച്ചു.





