Malayali Media
Sports

മെസ്സിയുടെ വിടവാങ്ങൽ പോരാട്ടം ഒക്ടോബർ ഏഴിന്; ആകാംക്ഷയോടെ കാൽപന്ത് ലോകം

27 Sept 2026108 views 3 min read
മെസ്സിയുടെ വിടവാങ്ങൽ പോരാട്ടം ഒക്ടോബർ ഏഴിന്; ആകാംക്ഷയോടെ കാൽപന്ത് ലോകം
Advertisement

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന മത്സരത്തിന് വേദിയൊരുങ്ങുന്നു. ഒക്ടോബർ ഏഴിനാണ് അർജന്റീനയുടെ നീലയും വെള്ളയും കുപ്പായത്തിൽ മെസ്സി തന്റെ വിടവാങ്ങൽ മത്സരം കളിക്കുന്നത്. ഫിഫയുടെ ഇന്റർനാഷണൽ വിൻഡോയിൽ നിശ്ചയിച്ചിട്ടുള്ള ഈ സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ. ബ്യൂണസ് അയേഴ്സിലാണ് മെസ്സി അവസാനമായി ദേശീയ കുപ്പായത്തിൽ പന്തുതട്ടുക.

റിവർ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിപ്പമേറിയതുമായ എൽ മോനുമെന്റൽ സ്റ്റേഡിയത്തിലാണ് മെസ്സിയുടെ ഈ ചരിത്രപോരാട്ടം അരങ്ങേറുന്നത്. 84,000 പേർക്ക് ഒരേസമയം കളി കാണാൻ ശേഷിയുള്ള വിശാലമായ മൈതാനമാണിത്. കഴിഞ്ഞ ഓഗസ്റ്റിലാണ് താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടവാങ്ങുകയാണെന്ന് മെസ്സി ഔദ്യോഗികമായി അറിയിച്ചത്. താരത്തിന് ഉചിതമായ ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായാണ് കോച്ച് ലയണൽ സ്കലോനി ബെനിനെതിരായ ടീമിലേക്ക് മെസ്സിയെക്കൂടി ഉൾപ്പെടുത്തിയത്.

അർജന്റീനയ്ക്കായി തന്റെ 208-ാം അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കിക്കൊണ്ടാണ് താരം ബൂട്ടഴിക്കുന്നത്. നിലവിൽ ദേശീയ ടീമിനായി 207 മത്സരങ്ങളിൽ അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും ഏറ്റവുമധികം ഗോളുകൾ അടിച്ചുകൂട്ടിയ താരമെന്ന നേട്ടവും മെസ്സിയുടെ പേരിലാണ്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറിനാണ് ഒക്ടോബർ ആറിന് വിരാമമാകുന്നത്. ദേശീയ കുപ്പായത്തിൽ 125 ഗോളുകളും 68 അസിസ്റ്റുകളും മെസ്സിയുടെ പേരിലുണ്ട്. 2022-ലെ ഖത്തർ ലോകകപ്പ് കിരീട വിജയമാണ് കരിയറിലെ ഏറ്റവും മഹത്തായ നേട്ടം. ഇതിനുപുറമെ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫൈനലിസിമ ട്രോഫിയും മെസ്സി അർജന്റീനയ്ക്കായി സ്വന്തമാക്കിയിട്ടുണ്ട്. 2008-ൽ ഒളിമ്പിക് സ്വർണ്ണവും അദ്ദേഹം നേടിയിരുന്നു.

Advertisement

Comments

Add a Comment

Our Channels

മെസ്സിയുടെ വിടവാങ്ങൽ പോരാട്ടം ഒക്ടോബർ ഏഴിന്; ആകാംക്ഷയോടെ കാൽപന്ത് ലോകം | Malayali Media