അയർലൻഡിനെതിരെ വിജയം കൈവരിച്ച് അഫ്ഗാനിസ്ഥാൻ. മൂന്നാം ഏകദിന പോരാട്ടത്തിലും ജയം നേടിയതോടെ 2027-ലെ ഏകദിന ലോകകപ്പിൽ കളിക്കാനുള്ള യോഗ്യത അഫ്ഗാൻ ടീം നേരിട്ട് നേടിയെടുത്തു. അതേസമയം, മുൻപ് രണ്ടുതവണ ലോക ചാമ്പ്യന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിന് ഇത് വീണ്ടും തിരിച്ചടിയായി മാറിയിരിക്കുകയാണ്. യോഗ്യതാ റൗണ്ട് മത്സരങ്ങൾ കളിച്ചാൽ മാത്രമേ ഇനി വിൻഡീസിന് ലോകകപ്പ് പ്രവേശനം സാധ്യമാകൂ. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പ് ടൂർണമെന്റുകളിലും യോഗ്യത നേടാൻ പോലും വെസ്റ്റ് ഇൻഡീസിന് സാധിച്ചിരുന്നില്ല.
അയർലൻഡിനെതിരായ മൂന്നാം മത്സരത്തിൽ 3 വിക്കറ്റുകൾ ശേഷിക്കെയാണ് അഫ്ഗാനിസ്ഥാൻ വിജയം പിടിച്ചെടുത്തത്. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇതോടെ അഫ്ഗാൻ 2-0 എന്ന നിലയിൽ മുന്നിലെത്തി.
റാഷിദ് ഖാന്റെ മിന്നുന്ന ഓൾറൗണ്ട് പ്രകടനമാണ് അഫ്ഗാനിസ്ഥാന്റെ ജയം സുഗമമാക്കിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ അയർലൻഡിനെ 46.3 ഓവറിൽ 206 റൺസിന് ഓൾഔട്ടാക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. മറുപടി ബാറ്റിംഗിൽ 44.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി അഫ്ഗാൻ ലക്ഷ്യം മറികടന്നു.
37 റൺസുമായി റാഷിദ് ഖാൻ പുറത്താകാതെ നിന്നു. ബാറ്റിംഗിന് പുറമേ ബൗളിംഗിലും തിളങ്ങിയ റാഷിദ് 10 ഓവറുകളിൽ 44 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.





