അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുന്നതിനിടെ വിദേശ ടി20 ലീഗിന്റെ ഭാഗമായിരിക്കുകയാണ് അജിങ്ക്യ രഹാനെ. യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ആംസ്റ്റർഡാം ഫ്ലെയിംസിനായി താരം കളിക്കും.
നെതർലൻഡ്സ് ആസ്ഥാനമായ ആംസ്റ്റർഡാം ഫ്ലെയിംസിന്റെ സഹഉടമകളിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോയും ബോളിവുഡ് താരം അഭിഷേക് ബച്ചനും ഉൾപ്പെടുന്നു.
38കാരനായ രഹാനെ കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി അദ്ദേഹം അവസാനമായി ടെസ്റ്റ് കളിച്ചത് 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിലായിരുന്നു.
വിരമിക്കലിന് മുമ്പുള്ള കാലയളവിൽ ഐപിഎല്ലിലും ശ്രദ്ധേയമായ പ്രകടനം നടത്താൻ രഹാനെയ്ക്ക് കഴിഞ്ഞിരുന്നില്ല. കൊൽക്കത്തയ്ക്കായി നായകനായാണ് താരം അവസാനമായി ഐപിഎല്ലിൽ കളിച്ചത്.





