പാക് ഓൾറൗണ്ടർ ഹംസ നസറിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും രണ്ട് വർഷത്തേക്ക് വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. വിലക്കിന് പുറമെ 10 ലക്ഷം രൂപ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വഴി വിസയ്ക്കായി സമർപ്പിച്ച അപേക്ഷയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആഭ്യന്തരതലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിസിബി ശിക്ഷ പ്രഖ്യാപിച്ചത്.
പാകിസ്ഥാന്റെ ആഭ്യന്തര ക്രിക്കറ്റിൽ അടുത്തിടെ മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു ഹംസ നസർ. കഴിഞ്ഞ ദിവസം അവസാനിച്ച വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിലേക്കും താരത്തെ പരിഗണിച്ചിരുന്നു. എന്നാൽ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് പിസിബി വിലക്ക് ഏർപ്പെടുത്തിയത്.
വിസയ്ക്ക് അപേക്ഷിച്ച സമയത്ത് ആവശ്യമായ മുഴുവൻ വിവരങ്ങളും കൃത്യമായി നൽകിയില്ലെന്നാണ് പിസിബിയുടെ കണ്ടെത്തൽ. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സമർപ്പിച്ചതിനൊപ്പം പ്രധാനപ്പെട്ട വസ്തുതകൾ വെളിപ്പെടുത്തുന്നതിലും ഹംസ നസർ വീഴ്ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പിസിബി അറിയിച്ചു.





