സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് മടങ്ങി വീട് നിർമിക്കാനുള്ള ശ്രമത്തിനിടെ ഭൂമി ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. വിഷയത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ സഹായമാണ് താരം പരസ്യമായി തേടിയത്.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നേരിടുന്ന ബുദ്ധിമുട്ട് പന്ത് അറിയിച്ചത്. പിന്നാലെ താരത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും പ്രതികരിച്ചു.
ഡൽഹിയിൽ നിന്ന് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക് താമസം മാറ്റാനുള്ള ശ്രമം കഴിഞ്ഞ മൂന്ന് വർഷമായി തുടരുകയാണെന്നും എന്നാൽ ഭൂമി വാങ്ങുന്നതിനുള്ള ശ്രമം തനിക്ക് വലിയ ദുരനുഭവമായി മാറിയെന്നും പന്ത് വ്യക്തമാക്കി. സർക്കാർ സൗജന്യമായി ഭൂമി നൽകണമെന്ന ആവശ്യമില്ലെന്നും സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് ഭൂമി വാങ്ങാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിന്റെ അഭിമാനമായ റിഷഭ് പന്തിന് ആവശ്യമായ നിയമപരമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകിയതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. സ്വന്തം നാടിനോടുള്ള പന്തിന്റെ സ്നേഹവും ഉത്തരാഖണ്ഡിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ധാമി വ്യക്തമാക്കി.





