Malayali Media
Special Stories

ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണറെ കാലാവധി തികയുന്നതിന് മുൻപ് പദവിയിൽ നിന്ന് നീക്കാനാകുമോ? എങ്ങനെ?

25 Sept 20268 views 3 min read
ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണറെ കാലാവധി തികയുന്നതിന് മുൻപ് പദവിയിൽ നിന്ന് നീക്കാനാകുമോ? എങ്ങനെ?
Advertisement

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യവ്യവസ്ഥയായ ഇന്ത്യയിൽ സി.ഇ.സി (Chief Election Commissioner) ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനല്ല, മറിച്ച് സ്വതന്ത്ര ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. കേന്ദ്ര സർക്കാരിന്റെ ഇഷ്‌ടത്തിനനുസരിച്ച് സി.ഇ.സിയെ പദവിയിൽ നിന്ന് മാറ്റാൻ സാധിക്കില്ല. എന്നാൽ തെളിയിക്കപ്പെട്ട ദുർനടപ്പ് അല്ലെങ്കിൽ പദവിയിൽ തുടരാനുള്ള പ്രാപ്തിക്കുറവ് എന്നീ കാരണങ്ങളാൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പദവി നഷ്ടപ്പെടാവുന്നതാണ്.

ഭരണഘടനയുടെ അനുച്ഛേദം 324(5) പ്രകാരം സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ രീതിയിലും കാരണങ്ങളാലും മാത്രമേ സി.ഇ.സിയെയും നീക്കം ചെയ്യാൻ സാധിക്കൂ. ഇതിനായി കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.

കൃത്യമായൊരു കാരണം ഉണ്ടെങ്കിൽ നടപടിക്രമങ്ങൾ നടക്കുന്നത് പാർലമെന്റിലാണ്. ജനപ്രതിനിധികൾക്ക് ലോക്സഭയിലോ രാജ്യസഭയിലോ സി.ഇ.സിയെ പിൻവലിക്കുന്നതിനുള്ള നോട്ടീസ് സമർപ്പിക്കാം. ലോക്സഭയിലാണെങ്കിൽ 100 എം.പിമാരുടെയും, രാജ്യസഭയിലാണെങ്കിൽ 50 എം.പിമാരുടെയും ഒപ്പുണ്ടെങ്കിൽ മാത്രമേ നോട്ടീസ് സമർപ്പിക്കാനാകൂ. ഒപ്പുകൾ ശേഖരിച്ചുകഴിഞ്ഞാൽ ലോക്സഭയിലും രാജ്യസഭയിലും യഥാക്രമം സ്പീക്കർക്കോ രാജ്യസഭാ ചെയർമാനോ ആ നോട്ടീസ് നൽകാവുന്നതാണ്.

സ്പീക്കർ അല്ലെങ്കിൽ രാജ്യസഭാ ചെയർമാൻ ആ നോട്ടീസ് അംഗീകരിച്ചാൽ ഉടനെ ഒരു അന്വേഷണ സമിതി (Inquiry Committee) രൂപീകരിക്കും. ഈ സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ഒരു സുപ്രീം കോടതി ജഡ്ജി, ഏതെങ്കിലും ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രഗത്ഭനായ ഒരു നിയമവിദഗ്ദ്ധൻ എന്നിവരാണ് അംഗങ്ങളായിരിക്കുക.

കമ്മീഷണർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ സാധുവാണോയെന്നും, ആരോപണങ്ങൾക്ക് കമ്മീഷണർ നൽകുന്ന വിശദീകരണങ്ങൾ തൃപ്തികരമാണോയെന്നും കമ്മിറ്റി പരിശോധിക്കും. ആരോപണങ്ങൾ കമ്മിറ്റി മുൻപാകെ തെളിയിക്കപ്പെട്ടാൽ ലോക്‌സഭയും രാജ്യസഭയും സി.ഇ.സിയെ നീക്കാനുള്ള നടപടിക്രമങ്ങൾ പരിഗണിക്കും. ഇതിനായുള്ള പ്രമേയം രണ്ട് സഭകളും പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കണം. അതായത്, ഓരോ സഭയിലെയും ആകെ അംഗസംഖ്യയുടെ ഭൂരിപക്ഷവും വോട്ടെടുപ്പിൽ പങ്കെടുത്ത് വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. ഈ നടപടിക്രമങ്ങൾ ഒരേ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൂർത്തിയാക്കുകയും വേണം.

ഇരുസഭകളും പ്രമേയം പാസാക്കിയ ശേഷം രാഷ്ട്രപതി നീക്കം ചെയ്യൽ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ ചീഫ് ഇലക്ഷൻ കമ്മീഷണർ പദവിയിൽ നിന്ന് പുറത്താകും.

Tags:#Chief Election Commissioner#CEC of India#Election Commission of India#CEC Removal Process#Impeachment Process India#Indian Constitution Article 324#UPSC Polity Malayalam#Kerala PSC Polity.
Advertisement

Comments

Add a Comment

Our Channels

ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണറെ എങ്ങനെ നീക്കാം? | CEC Removal India | Malayali Media