Malayali Media
Special Stories

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും ആയുർവേദത്തിന്റെ അമരത്തേക്ക്

കേരളത്തിന്റെ ആയുർവേദ വ്യവസായത്തെ തിരുത്തിയെഴുതിയ കെ. എസ്. കൊച്ചുമോന്റെ കഥ

20 Aug 202624 views 3 min read
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും ആയുർവേദത്തിന്റെ അമരത്തേക്ക്
Advertisement

സ്വന്തം വഴികൾ സ്വയം വെട്ടിത്തെളിച്ചാണ് ചില മനുഷ്യർ ചരിത്രത്തിലേക്ക് നടന്നുകയറുന്നത്. കേരളത്തിലെ ആയുർവേദ മേഖലയിൽ ഇന്ന് നാം കാണുന്ന വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് പിന്നിൽ ഹരിത ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ഡോ. കെ. എസ്. കൊച്ചുമോൻ എന്ന ദീർഘദർശിയായ മനുഷ്യന്റെ ഉറച്ച തീരുമാനങ്ങളുണ്ട്. തികച്ചും സാധാരണക്കാരനായി തുടങ്ങി, പിന്നീട് കേരളത്തിലെ ആയുർവേദ വ്യവസായത്തിന്റെ ദിശ തന്നെ മാറ്റിമറിച്ച ആ അപൂർവ്വ യാത്ര ആരംഭിക്കുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെയായിരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ആയുർവേദത്തിലേക്ക്

കേരളത്തിലെ പ്രശസ്തമായ പരമ്പരാഗത ആയുർവേദ വൈദ്യ കുടുംബമായ തൈക്കാട്ടു മൂസിന്റെ വീടിനടുത്ത് വളർന്നു വന്നിട്ടും, ബാല്യത്തിലോ വിദ്യാഭ്യാസ കാലഘട്ടത്തിലോ ആയുർവേദം തന്റെ ഭാവിയാകുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ (SFI) വഴി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം, കലാലയത്തിലെ അനീതികൾക്കെതിരെയുള്ള ശബ്ദമായിരുന്നു. ബിരുദപഠനത്തിന് ശേഷം, എസ്.എഫ്.ഐയുടെ ഭാഗമായി ഒരു വലിയ ആയുർവേദ കോളേജിൽ സ്റ്റുഡന്റ് യൂണിയൻ യൂണിറ്റ് ഉണ്ടാക്കാൻ പോയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ വെച്ച് ആയുർവേദ വിദ്യാർത്ഥികളുമായും അധ്യാപകരുമായും ഇടപെഴകിയത് ഈ മേഖലയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം വർദ്ധിപ്പിച്ചു.

പ്രതിസന്ധികളിൽ തളിർത്ത 'ഹരിത'

'സൂര്യ ആയുർവേദിക്സ്' എന്ന സ്ഥാപനത്തിൽ പങ്കാളിയായി മാറിയതിലൂടെയാണ് അദ്ദേഹം ഔദ്യോഗികമായി ഈ രംഗത്തേക്ക് കടന്നുവരുന്നത്. സ്ഥാപനം ദ്രുതഗതിയിൽ വളർച്ച പ്രാപിച്ചെങ്കിലും, കൂടെയുണ്ടായിരുന്ന ഡോക്ടർ സംരംഭത്തിൽ നിന്ന് പെട്ടെന്ന് പിന്മാറിയത് വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചു. പിന്തിരിയാൻ തയ്യാറല്ലാതിരുന്ന അദ്ദേഹം, ഒരു വാടക കെട്ടിടത്തിൽ വെറും നാല് ജീവനക്കാരുമായി 'ഹരിത ഫാർമസ്യൂട്ടിക്കൽസ്' എന്ന തന്റെ സ്വന്തം പ്രസ്ഥാനത്തിന് ധൈര്യപൂർവ്വം തുടക്കം കുറിച്ചു.

പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും നാൾവഴികൾ

ഒരു സാധാരണ ബിസിനസ്സുകാരൻ എന്നതിലുപരി, ആയുർവേദ മേഖലയിലെ അശാസ്ത്രീയ നിയമങ്ങൾക്കെതിരെ പോരാടിയ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ആയിരത്തോളം കമ്പനികളുള്ളതിൽ 14 എണ്ണത്തിന് മാത്രം പോലീസും എക്സൈസും പരിശോധന നടത്താൻ പാടില്ലെന്ന 'റെപ്യൂട്ടഡ്' നിയമത്തെ ഹൈക്കോടതിയിൽ അദ്ദേഹം ചോദ്യം ചെയ്ത് റദ്ദാക്കി.അരിഷ്ടം വിൽക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്ന അവസ്ഥയ്ക്ക് കാരണമായിരുന്ന നിയമത്തിലെ അപാകതകൾ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാണിച്ച്, അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന പല ആയുർവേദ കമ്പനികളെയും അദ്ദേഹം സംരക്ഷിച്ചു.

 ആയുർവേദത്തിലെ ഹെൽത്ത് റിസർച്ചിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ആയുർവേദ മേഖലയെ കാലത്തിനൊത്ത മാറ്റങ്ങൾ വരുത്തി ഉടച്ചുവാർത്തു.മികച്ചൊരു പരിസ്ഥിതി സ്നേഹിയായ അദ്ദേഹം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ (6000-ത്തോളം) ചന്ദനത്തൈകളുടെ ഉടമ കൂടിയാണ്.ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ കീഴിലുള്ള 'ഇന്ത്യ ജി.സി.സി ട്രേഡ് കൗൺസിലിന്റെ' ഖത്തർ ട്രേഡ് കമ്മീഷണറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ നയതന്ത്രമികവിന്റെ തെളിവാണ് 

പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുന്ന ഭാവിപദ്ധതികൾ

പ്രവർത്തിക്കാതെ ഈശ്വരനെ മാത്രം വിശ്വസിച്ചിരുന്നാൽ ഫലം കിട്ടില്ലെന്നും, നമ്മുടെ കർമ്മമാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും വിശ്വസിക്കുന്ന അദ്ദേഹം പുതിയൊരു കുതിപ്പിനൊരുങ്ങുകയാണ്. അഷ്ടവൈദ്യൻ തൈക്കാട്ട് മൂസിന്റെ ആശയങ്ങൾ ഉൾക്കൊണ്ട്, 12,000-ത്തിലധികം ആളുകളുടെ പങ്കാളിത്തത്തോടെ ഒരു ഫ്രാഞ്ചൈസി മോഡൽ ആയുർവേദ ബ്രാൻഡ് അദ്ദേഹം ആരംഭിക്കുന്നു. വൈദ്യരത്‌നത്തിന്റെയും ഹരിത ഫാർമസ്യൂട്ടിക്കൽസിന്റെയും ഔഷധങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ആദ്യത്തെ 15 ബ്രാഞ്ചുകൾ വരുന്ന ചിങ്ങത്തിൽ ആരംഭിക്കും.

ലോകോത്തര നിലവാരത്തിലേക്കും പ്രശസ്തിയിലേക്കും നമ്മുടെ ആയുർവേദം വളരുമ്പോൾ, ഒപ്പം ഡോ. കെ. എസ്. കൊച്ചുമോൻ എന്ന ദീർഘദർശിയുടെ സ്വപ്നങ്ങളും യാഥാർത്ഥ്യമാവുകയാണ്.

Tags:#ks kochumon#success stories#special stories
Advertisement

Comments

Add a Comment

Our Channels

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും ആയുർവേദത്തിന്റെ അമരത്തേക്ക്;കേരളത്തിന്റെ ആയുർവേദ വ്യവസായത്തെ തിരുത്തിയെഴുതിയ കെ. എസ്. കൊച്ചുമോന്റെ കഥ | Malayali Media