Malayali Media
Special Stories

മലയാളത്തിന്റെ മമ്മൂട്ടി

മലയാളത്തിന്റെ മഹാനടന് ജന്മദിനാശംസകൾ

07 Sept 202624 views 3 min read
മലയാളത്തിന്റെ മമ്മൂട്ടി
Advertisement

    മലയാള സിനിമയുടെ സൗന്ദര്യ സങ്കല്പങ്ങളെ തിരുത്തിയെഴുതിയ മെഗാസ്റ്റാർ ജനിച്ചത് ക്യാമറയുടെ വെള്ളിവെളിച്ചത്തിലായിരുന്നില്ല. 1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ ജനിച്ചു കോട്ടയം ജില്ലയിലെ ചെമ്പിൽ വളർന്ന മുഹമ്മദ് കുട്ടി പനപ്പറമ്പിൽ ഇസ്മായിൽ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ് പിന്നീട് ഇന്ത്യൻ സിനിമയുടെ അഹങ്കാരമായി മാറിയ മമ്മൂട്ടി. ഇസ്മായിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായി ജനിച്ച അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും (LLB) കരസ്ഥമാക്കി. മഞ്ചേരി കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ആ ചെറുപ്പക്കാരന്റെ ഉള്ളിൽ പക്ഷേ കറുത്ത കോട്ടിനേക്കാളും നിയമപ്പുസ്തകങ്ങളേക്കാളും വലിയൊരു സിനിമാമോഹം ഇരമ്പുന്നുണ്ടായിരുന്നു. ഒരു വക്കീലായി ജീവിതം അവസാനിപ്പിക്കേണ്ടിയിരുന്ന അദ്ദേഹം വെള്ളിത്തിരയുടെ വിസ്മയലോകത്തേക്ക് നടത്തിയ യാത്ര ഏത് സിനിമാക്കഥയെയും വെല്ലുന്ന ആവേശകരമായ ഒന്നാണ്. സുൽഫത്താണ് ഭാര്യ, പ്രശസ്ത യുവതാരമായ ദുൽഖർ സൽമാനും സുറുമിയുമാണ് മക്കൾ. 

    1971-ൽ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമയിൽ മുഖം കാണിച്ച മമ്മൂട്ടി, 1980-ൽ പുറത്തിറങ്ങിയ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചത്. കരിയറിന്റെ ഒരു ഘട്ടത്തിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ട് സിനിമാലോകം എഴുതിത്തള്ളിയടത്തുനിന്നും 1987-ൽ ജോഷിയുടെ 'ന്യൂ ഡൽഹി' എന്ന ചിത്രത്തിലൂടെ അദ്ദേഹം നടത്തിയ ഫീനിക്സ് പക്ഷിയെപ്പോലെയുള്ള തിരിച്ചുവരവ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ അത്ഭുതമാണ്. 'ഒരു വടക്കൻ വീരഗാഥ'യിലെ ചന്തുവായും, 'പൊന്തൻമാട'യായും, 'വിധേയനി'ലെ ഭാസ്കര പട്ടേലരായും, 'ഡോ. ബാബാസാഹേബ് അംബേദ്കറാ'യും പരകായപ്രവേശം നടത്തിയ അദ്ദേഹം മൂന്ന് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും പത്മശ്രീയും സ്വന്തമാക്കി. തന്റെ പ്രായം എഴുപത്തഞ്ചിലേക്ക് കടക്കുന്ന 2026-ലെ സമകാലിക സിനിമാ ലോകത്തും അദ്ദേഹം തീർക്കുന്ന ബോക്സ് ഓഫീസ് കൊടുങ്കാറ്റുകൾ സമാനതകളില്ലാത്തതാണ്. 'മമ്മൂട്ടി കമ്പനി' എന്ന സ്വന്തം നിർമ്മാണ കമ്പനിയിലൂടെ 'കണ്ണൂർ സ്ക്വാഡ്', 'കാതൽ ദി കോർ', 'ടർബോ' തുടങ്ങിയ ഗംഭീര ചിത്രങ്ങളൊരുക്കി, ഒരു പുതുമുഖ നടന്റെ അടങ്ങാത്ത ആവേശത്തോടെ പുതിയ സിനിമാ പരീക്ഷണങ്ങൾക്ക് അദ്ദേഹം ഇന്നും നേതൃത്വം നൽകുന്നു. ശബ്ദഗാഭീര്യം കൊണ്ടും നടപ്പിലെ രാജകീയത കൊണ്ടും അദ്ദേഹം വെള്ളിത്തിരയിൽ തീർക്കുന്ന മാന്ത്രികതയ്ക്ക് ഇന്ത്യൻ സിനിമയിൽ ഇന്നും പകരം വെക്കാൻ മറ്റൊരാളില്ല. 

    പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് സ്വന്തം ജീവിതം കൊണ്ടും സിനിമകൾ കൊണ്ടും നിരന്തരം ലോകത്തിന് കാണിച്ച് കൊടുക്കുന്ന മഹാവിസ്മയമാണ് മമ്മൂട്ടി. കാലം എത്ര കഴിഞ്ഞാലും മങ്ങാത്ത ഗ്ലാമറും, ഓരോ സിനിമയിലും സ്വയം നവീകരിക്കാനുള്ള ആ അസാമാന്യമായ കഴിവും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ചോദ്യം ചെയ്യപ്പെടാത്ത ചക്രവർത്തിയാക്കി മാറ്റുന്നു. പരാജയങ്ങളിൽ തളരാതെ, വിജയങ്ങളിൽ മതിമറക്കാതെ, സിനിമയോടുള്ള അടങ്ങാത്ത പ്രണയവുമായി പുതിയ സംവിധായകർക്കും പുതിയ തിരക്കഥകൾക്കും വേണ്ടി ഇന്നും കാതോർക്കുന്ന ആ മഹാനടൻ, മലയാള സിനിമയുടെ മുഖമുദ്രയായി, തലമുറകളുടെ ആവേശമായി സിംഹാസനത്തിൽ തുടരുകയാണ്.

Tags:#special story#mamootty
Advertisement

Comments

Add a Comment

Our Channels

മലയാളത്തിന്റെ മമ്മൂട്ടി | Malayali Media