കോഴിക്കോട്: ജീവിതസംഘർഷങ്ങളിൽ പെട്ടുഴറുന്ന ഒരു പൊലീസ് ഓഫീസറുടെ ആത്മസംഘർഷം പ്രമേയമാക്കിയുള്ള 'ഷോ-കോസ്' ൽ നായകനായി തിളങ്ങി എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി.അനൂപ്. എസ്.ഐ പീറ്റർ ജോൺ എന്ന നായക കഥാപാത്രമായാണ് അനൂപ് വേഷമിടുന്നത്.
ഒരു കൊലപാതകസ്ഥലത്തുനിന്ന് രക്ഷപെട്ടു പോകുന്ന നായക കഥാപാത്രം മേലധികാരികളിൽനിന്നും സമൂഹത്തിൽനിന്നും ശിക്ഷനടപടികൾ നേരിടേണ്ടി വരുന്നു.എന്നാൽ അദ്ദേഹം ഓടിപ്പോയതിന്റെ കാരണമെന്തെന്നോ ശരിക്കും ആ സന്ദർഭത്തിൽ സംഭവിച്ചതെന്തെന്നോ അറിയാൻ ആരും ശ്രമിക്കുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ ആ നായകകഥാപാത്രം കടന്നുപോകുന്ന മാനസികസംഘർഷങ്ങളെ അതിഭാവുകത്വത്തോടെ ഹൃസ്വചിത്രത്തിൽ അവതരിപ്പിക്കുന്നു.പോലീസുകാർക്കുനേരെ വിരൽചൂണ്ടുന്ന സമൂഹം അവർ കടന്നുപോകുന്ന മാനസികവ്യഥകളെപ്പറ്റി ചിന്തിക്കാറുണ്ടോ എന്ന കാലികപ്രസക്തിയുള്ള വിഷയം കൂടി 'ഷോ-കോസ്' ഉയർത്തിക്കാട്ടുന്നു.
ഒ.ടി.ടിയിലും മറ്റുമായി വൈകാതെ റിലീസ് ചെയ്യാൻ ഇരിക്കുന്ന ഈ ഹൃസ്വചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് സുധീകൃഷ്ണനാണ്.എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എ.വി. അനൂപാണ് നിർമ്മാണം.കോഴിക്കോട്ടെ നിരവധി പൊലീസുകാരും മുൻ ജില്ലാ ജഡ്ജി ആർ. എൽ. ബൈജുവും റാഹൽ പി. ജെ, സുനീഷ് കെ. ജാൻ, കെ. പി. എ. ലത്തീഫ്, കുമാരി നന്ദിത, ശ്രീമതി, ലത സതീഷ് തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നു.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയും, ട്രെയിലർ പ്രകാശനം ഡെപ്യൂട്ടി കമ്മീഷണർ പദാം സിംഗും നിർവഹിച്ചു. ചന്തു മേപ്പയ്യൂർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രതീഷ് രാധാകൃഷ്ണനാണ്. സാജൻ കെ. റാം സംഗീതവും ദുർഗ അരവിന്ദ് ഗാനരചനയും നിർവഹിക്കുന്നു. വേലു വാഴയൂർ (കല), ഷൈജു എം. (ശബ്ദലേഖനം), രബീഷ് ബാബു (മേക്കപ്പ്), ബാലൻ പുതുക്കുടി (വസ്ത്രാലങ്കാരം), സുഗണേഷ് കുറ്റിയിൽ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ.





