കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിലെ ആറ് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ലൈബ്രറി വിലക്ക് പിൻവലിക്കാൻ മാപ്പ് എഴുതി നൽകണമെന്ന് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടു. അനുവാദമില്ലാത്ത സമയത്ത് റീഡിങ് റൂമിൽ പ്രവേശിച്ചുവെന്നാരോപിച്ചാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള ആറ് പേർക്ക് വിലക്കേർപ്പെടുത്തിയത്.
എന്നാൽ, മാപ്പ് എഴുതി നൽകി ലൈബ്രറിയിൽ പ്രവേശിക്കില്ലെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. ആർ.എസ്.എസ് നേതാവിനെ പങ്കെടുപ്പിച്ച് സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ചതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് സംഘടനയുടെ ആരോപണം.
പ്രതിഷേധത്തിന് പിന്നാലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെ നേരത്തെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിരുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതടക്കമുള്ള നടപടികൾ പ്രതികാര ബുദ്ധിയോടെയുള്ളതാണെന്നും, കാലടിയിൽ നടക്കുന്നതിന് സമാനമായ കാര്യങ്ങളാണ് പെരിയയിലും നടക്കുന്നതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു.





