കൊച്ചി: മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ എൻ.സി.പി ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് എൻ.സി.പി (എസ്.പി) വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ ആവശ്യപ്പെട്ടു. വനിതാ സംവരണ ലക്ഷ്യത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, കൂടിയാലോചനകളോ സമവായമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ മണ്ഡല പുനർനിർണയം നടപ്പാക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ സൗകര്യത്തിനല്ല, മറിച്ച് രാഷ്ട്രീയ ബോധ്യത്തിനുള്ള നിമിഷമാണിതെന്നും നിർദ്ദിഷ്ട നിയമനിർമ്മാണത്തെ ശക്തമായി എതിർക്കാൻ അഭ്യർത്ഥിക്കുകയാണെന്നും പി.സി. ചാക്കോ പറഞ്ഞു. എൻ.സി.പി ഭരണഘടനാ തത്വങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പക്ഷത്ത് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരാനിരിക്കെ, നിർണായക കേന്ദ്രമന്ത്രിസഭാ യോഗം നാളെ ചേരും. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകൾ മണ്ഡല പുനർനിർണയത്തിലൂടെ 850 ആക്കി വർധിപ്പിക്കുകയും, വർധിക്കുന്ന സീറ്റുകളിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുകയും ചെയ്യുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും; വ്യവസ്ഥകളിൽ മാറ്റം വേണമോയെന്നും യോഗം തീരുമാനിക്കും.
എല്ലാ കേന്ദ്രമന്ത്രിമാരും ഡൽഹിയിൽ ഉണ്ടാകണമെന്നും വിദേശയാത്രകളും മറ്റ് പരിപാടികളും റദ്ദാക്കി തലസ്ഥാനത്തെത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. എസ്.ഐ.ആറുമായി (SIR) ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തണുത്തതായും കേന്ദ്രസർക്കാർ വിലയിരുത്തുന്നു.
നിലവിൽ ലോക്‌സഭയിൽ എൻ.ഡി.എയ്ക്ക് (NDA) 320 അംഗങ്ങളാണുള്ളത് എന്നതിനാൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ആവശ്യമായി വരും. ഏപ്രിൽ 17-ന് ലോക്‌സഭയിൽ ബിൽ പരാജയപ്പെട്ടതിന് ശേഷം പ്രതിപക്ഷ നിരയിൽ നിന്ന് 26 എം.പിമാർ മാറിയ സാഹചര്യത്തിൽ, കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ഡി.എം.കെ, എൻ.സി.പി ശരദ് പവാർ വിഭാഗം, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി ബി.ജെ.പി നേതൃത്വം ഇതിനോടകം കൂടിയാലോചനകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്; എൻ.സി.പി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ ബില്ലിനെ അനുകൂലിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.





