മലപ്പുറം: മുഖക്കുരു മാറാനായി തിരൂരിലെ ഡോക്ടർ നിർദേശിച്ച 'എഫ് ട്യൂൺ' (F Tune) ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മുഖം പൊള്ളിയതുപോലെ വികൃതമായെന്ന വെളിപ്പെടുത്തലുമായി യുവതികൾ രംഗത്തെത്തി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മെർക്കുറി അടങ്ങിയ ഫേസ്‌ക്രീമാണ് ഡോ. എസ്.ആർ. ബാലകൃഷ്ണൻ നായർ കുറിച്ച് നൽകിയതെന്നും, ഡോക്ടർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു.
ക്രീം ഉപയോഗിച്ചതിലൂടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായും തുടർചികിത്സയ്ക്കായി വലിയ തുക ചെലവായതായും യുവതി വെളിപ്പെടുത്തി. മുഖം വികൃതമായതോടെ രണ്ടാമതും ഡോക്ടറെ സമീപിച്ചെങ്കിലും അതേ എഫ് ട്യൂൺ ക്രീം തന്നെയാണ് വീണ്ടും നിർദേശിച്ചതെന്നും അവർ ആരോപിച്ചു.
അതേസമയം, എഫ് ട്യൂൺ ക്രീം നിർദേശിച്ചതിനെ ന്യായീകരിച്ച് ഡോ. എസ്.ആർ. ബാലകൃഷ്ണൻ നായർ രംഗത്തുവന്നു. സർക്കാർ നിരോധിക്കാത്തതും വിപണിയിൽ ലഭ്യമായതുമായ ക്രീമാണ് ഇതെന്നും, അത്യാവശ്യ സന്ദർഭങ്ങളിൽ പെട്ടെന്ന് ഫലം ആവശ്യമുള്ളവർക്കാണ് ഇത് കുറിച്ച് നൽകാറുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
ദീർഘകാലത്തേക്ക് ഈ ക്രീം നിർദേശിക്കാറില്ലെന്നും, ഉള്ളടക്കം പരിശോധിച്ച ശേഷമാണ് നൽകുന്നതെങ്കിലും ചിലർക്ക് ഇത് അലർജിയുണ്ടാക്കാറുണ്ടെന്നും ഡോക്ടർ പറഞ്ഞു. ഒരു ഡോക്ടറും ബോധപൂർവ്വം തെറ്റായ ക്രീം നൽകാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരാതി ഉയർന്നതിനെത്തുടർന്ന് തന്നെ സമീപിച്ച മാധ്യമപ്രവർത്തകൻ അടങ്ങുന്ന സംഘത്തോട് താനും രണ്ട് വർഷത്തോളമായി ഈ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.





