തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് സ്വകാര്യ-വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ. സ്വകാര്യ സർവകലാശാല ബില്ലിലാണ് വിദേശ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യൻ സർവകലാശാലകളുമായുള്ള സംയുക്ത സംരംഭങ്ങൾക്കും പ്രവർത്തനാനുമതി നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വകാര്യ സർവകലാശാലകൾക്കായി കമ്പോള വില ഈടാക്കി 20 ഏക്കർ വരെയുള്ള സർക്കാർ പുറമ്പോക്ക് ഭൂമി പതിച്ചുനൽകും; കമ്പോള വിലയ്ക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും സർക്കാർ പരിഗണിക്കും. 100 ഏക്കർ വരെയുള്ള ഭൂമിക്ക് ആദ്യ പത്ത് വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് അനുവദിക്കുന്നതിനൊപ്പം ഭൂമി-കെട്ടിട-വസ്തു നികുതി ഇളവുകളും ലഭിക്കും.
വിദേശ സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി യു.ജി.സി വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സഹകരണ സംഘം അഥവാ സൊസൈറ്റി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിദേശ സർവകലാശാലയുടെ സ്പോൺസറിങ് ബോഡിയായി ഈ സൊസൈറ്റി പ്രവർത്തിക്കണം; കേരള നോളജ് വാലി ഏരിയയ്ക്കുള്ളിൽ ക്യാമ്പസോ കേന്ദ്രമോ സ്ഥാപിക്കാനാണ് അനുമതി നൽകുക.
കൂടാതെ, വിദേശ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വിസ, വർക്ക് പെർമിറ്റ്, താമസാനുമതി എന്നിവയ്ക്കുള്ള രേഖകൾ തയ്യാറാക്കുന്നതിന് സർക്കാർ ആവശ്യമായ സഹായം നൽകും.





