കണ്ണൂർ: പയ്യന്നൂർ മുൻ എം.എൽ.എയും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനന്റെ വിവാദ കൊലവിളി പ്രസംഗത്തിനെതിരെ കെ.കെ. രമ എം.എൽ.എ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മനുഷ്യനെ പച്ചയ്ക്ക് വെട്ടിക്കൊല്ലാൻ യാതൊരു കൈയറപ്പുമില്ലെന്ന് പരസ്യമായി വിളിച്ചുപറയുന്ന ആശങ്കാജനകമായ പ്രസ്താവനയാണിതെന്നും, കോടതിയെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ച് കൊലവിളി നടത്തുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രമ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ധനരാജ് വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം സി.പി.എമ്മിനാണെന്ന് കെ.കെ. രമ ആരോപിച്ചു. പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് കേസിന്റെ കോടതി നടപടികൾ പൂർത്തിയാക്കിയതെന്നും, കൃത്യമായ തെളിവുകൾ നൽകാനോ സാക്ഷികളെ എത്തിക്കാനോ കഴിയാതെ പോയതിന്റെ ജാള്യം മറയ്ക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി; കീഴ്ക്കോടതി ശിക്ഷിച്ചില്ലെങ്കിൽ മേൽക്കോടതിയിൽ പോയി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് പാർട്ടികൾ ശ്രമിക്കേണ്ടതെന്നും രമ വ്യക്തമാക്കി.
കേസ് നടത്താനായി പിരിച്ച ലക്ഷങ്ങൾ എവിടെയെന്നും പ്രതികൾക്ക് കൃത്യമായി ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ച രമ, ഈ ചോദ്യങ്ങൾക്ക് സി.പി.എം നേതൃത്വം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. കോടതി ശിക്ഷിച്ചില്ലെങ്കിൽ പാർട്ടിക്കോടതി ശിക്ഷിക്കുമെന്ന വെല്ലുവിളിയാണ് മധുസൂദനൻ നടത്തുന്നത്; സി.പി.എം നേതാക്കളുടെ ഇത്തരം ശൈലി കാരണമാണ് പാർട്ടി ഇതിൽ പ്രതികരിക്കാൻ തയ്യാറാകാത്തതെന്നും, ഇത്തരം നേതാക്കളുടെ ആലോചനകളിലാണ് രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുന്നതെന്നും കെ.കെ. രമ കുറ്റപ്പെടുത്തി.





