കണ്ണൂർ: പയ്യന്നൂരിൽ നടത്തിയ വിവാദ കൊലവിളി പ്രസംഗത്തിൽ മുൻ എം.എൽ.എയും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനനെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ താഴെ പറയുന്ന വകുപ്പുകളാണ് മധുസൂദനനെതിരെ ചുമത്തിയിട്ടുള്ളത്:
വകുപ്പ് 192: ഒരു വർഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം.
വകുപ്പ് 351 (3):ഏഴ് വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം.
വകുപ്പ് 352: രണ്ട് വർഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം.
പയ്യന്നൂരിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. ചീമേനിയിൽ സി.പി.ഐ.എം പ്രവർത്തകരെ ചുട്ടുകൊന്ന പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓർമ്മിക്കുന്നത് നല്ലതായിരിക്കുമെന്നും കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
ഇതിന് പുറമെ, ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച കോടതിയെയും മധുസൂദനൻ പ്രസംഗത്തിൽ അധിക്ഷേപിച്ചു. ജഡ്ജി തണുപ്പിലിരുന്ന് തടവും ശിക്ഷയും നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നായിരുന്നു കോടതി വിധിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.





