തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാമെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ ആശയം പ്രായോഗികമല്ലെന്ന് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ആചാരങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്നും ക്ഷേത്ര കോമ്പൗണ്ടിൽ ഈ അടുപ്പുകൾ അനുവദിക്കില്ലെന്നും കഴിഞ്ഞ തവണത്തേതുപോലെ തന്നെ ഇത്തവണയും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
അടുപ്പ് കൂട്ടി പൊങ്കാല ഇടുകയെന്നതാണ് രീതിയെന്നും ഇരുമ്പ് കമ്പി അടുപ്പുകൾ ഭക്തർക്ക് ഉൾക്കൊള്ളാനാകില്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന ചടങ്ങിൽ ഇത്തരം അടുപ്പുകൾ ഉപയോഗിക്കാൻ ട്രസ്റ്റിന് നിർബന്ധിക്കാനാകില്ല; മാത്രമല്ല, ആളുകൾ ഇവ ഉപേക്ഷിച്ചുപോയാൽ ഇവിടെ കിടന്ന് തുരുമ്പെടുക്കുകയും ഭക്തരുടെ കാലിൽ തട്ടി പരിക്കേറ്റ് ചികിത്സ തേടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഈ വിഷയത്തിൽ മേയർ ക്ഷേത്രവുമായി ചർച്ച നടത്തിയിട്ടില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി. എന്നാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ എന്ന ആശയം മുന്നോട്ടുവെയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും, പൊങ്കാല സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റും തന്ത്രിയുമാണെന്നും മേയർ വി.വി. രാജേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു; അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് കോർപ്പറേഷന്റെ ചുമതലയെന്നും അദ്ദേഹം വിശദീകരിച്ചു.





