കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ എസ്.എഫ്.ഐ പൊലീസിൽ പരാതി നൽകി. 'എണ്ണിയെണ്ണി പകരം ചോദിക്കും' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കലാപാഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി വിഷ്ണുവാണ് കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ സി.പി.ഐ.എം നേതാവും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് രൂക്ഷവിമർശനവുമായി രംഗത്തെത്തി. കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗമാണ് നടത്തിയതെന്നും, 'ചോരയ്ക്ക് ചോര' എന്നിങ്ങനെയുള്ള പ്രസ്താവനകൾ ഒരു മുഖ്യമന്ത്രിക്ക് ചേരാത്തതാണെന്നും അദ്ദേഹം പറഞ്ഞു; മുഖ്യമന്ത്രിയുടെ പ്രസംഗം ആഭ്യന്തരമന്ത്രി വായിച്ചുനോക്കി പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് ചില പൊലീസുകാർ ആവേശത്തോടെ ചാടിയിറങ്ങിയിട്ടുണ്ടെന്നും എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറുന്നുണ്ടെന്ന് സ്ത്രീകൾ ഉൾപ്പെടെ പരാതിപ്പെടുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ആവേശത്തിൽ ഇറങ്ങുന്ന പൊലീസുകാർ കോഴിക്കോടിന്റെ പഴയ സമരചരിത്രം ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





