പാലക്കാട്: ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന പരാമർശത്തിനും തുടർന്നുണ്ടായ പരസ്യപ്രസ്താവനകൾക്കും പിന്നാലെ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. തലയിൽ നെല്ലിക്ക തളം വെക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിത്താന് പാഴ്‌സലായി നെല്ലിക്ക അയച്ചുകൊടുത്താണ് ഷാഫി പക്ഷം പ്രതിഷേധിച്ചത്; കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, റിജിൽ മാക്കുറ്റി അടക്കമുള്ള യുവനേതാക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉണ്ണിത്താനെ തള്ളിയും ഷാഫിയെ പിന്തുണച്ചും രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
അതേസമയം, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ ഇടപെടലിനെ തുടർന്ന് ഉണ്ണിത്താൻ-ഷാഫി തർക്കത്തിൽ താൽക്കാലിക വെടിനിർത്തലായിട്ടുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ എന്നിവരുമായും എ ഗ്രൂപ്പ് പ്രതിനിധികൾ, ചാണ്ടി ഉമ്മൻ എം.എൽ.എ, ജെ.എസ്. അഖിൽ എന്നിവരുമായും ദീപ ദാസ് മുൻഷി ചർച്ച നടത്തിയതോടെ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കാൻ ധാരണയായി; ജിൻഷാദ് ജിനാസ്, നേമം ഷെജീർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ സൈബർ ആക്രമണത്തിൽ നടപടി വേണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ട ഉണ്ണിത്താൻ, ഇനിയും പ്രകോപനമുണ്ടായാൽ തുറന്നടിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങളാണ് കോൺഗ്രസിലെ തർക്കം പരസ്യമായ പോരിലേക്ക് നയിച്ചത്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പരോക്ഷമായി സൂചിപ്പിച്ച ഉണ്ണിത്താൻ, നാല് ഗർഭം ഉണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്ന് പ്രതികരിച്ചിരുന്നു.
ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ വെക്കാൻ എഴുതിക്കൊടുത്ത കുറിപ്പടി കീറിയെറിഞ്ഞാണ് അടൂരുകാരനെ പ്രസിഡന്റാക്കിയതെന്ന് ഉണ്ണിത്താൻ ആരോപിച്ചിരുന്നു. എറണാകുളം പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ കേരളത്തിലെ ആദരണീയനായ ഒരു നേതാവ് മറ്റൊരാളുടെ കാലുപിടിച്ച് അപേക്ഷിച്ച സംഭവവും '2020' എന്ന വണ്ടി നമ്പറും ക്ലൂ ആയി ഉന്നയിച്ച അദ്ദേഹം, സൈബർ ആക്രമണം തുടർന്നാൽ തന്റെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിടുമെന്നും ആശാനും ശിഷ്യനും കുടുങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.





